print edition വീരമണിക്കെതിരായ പോക്സോ കേസ്; രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചെന്നൈ : തമിഴ്നാട്ടിലെ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിക്കെതിരായ പോക്സോ കേസിൽ വീഴ്ചവരുത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തമിഴ്നാട് പൊലീസ് അക്കാദമി എഡിജിപി എ അരുൺ, കോയമ്പത്തൂർ പൊലീസ് കമീഷണർ എൻ കണ്ണൻ എന്നിവരെ ചുമതലകളിൽനിന്ന് നീക്കി. ഇരുവർക്കും മറ്റൊരിടത്തും പോസ്റ്റിങ് നൽകിയിട്ടില്ല. കേസന്വേഷണത്തിന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു.
2024 നവംബറിൽ വീരമണിക്കെതിരെ ചെന്നൈ അഡീഷണൽ കമീഷണറായിരുന്ന എൻ കണ്ണന് പരാതി നൽകിയിരുന്നു. അന്നത്തെ ചെന്നൈ കമീഷണർ അരുണുമായി ആലോചിച്ച് നടപടിയെടുക്കാമെന്നാണ് പരാതിക്കാരന് മറുപടിനൽകിയത്. പരാതി ലഭിച്ചിട്ടും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. ഒരു സന്നദ്ധസംഘടന കഴിഞ്ഞവർഷം നൽകിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് വീരമണിക്കെതിരെ പിന്നീട് കേസെടുത്തത്. ആഗസ്ത് 29ന് വീരമണിയെയും സഹായി മഹേന്ദ്ര സിംഹനെയും ഇയാളുടെ ഭാര്യ ശാന്തിയെയും അറസ്റ്റ് ചെയ്തിരുന്നു.









0 comments