ദീപാവലി രാത്രി തമിഴ്‌നാട്ടിൽ ഒൻപത് കൊലപാതകങ്ങൾ; കൊല്ലപ്പെട്ടവരിൽ രണ്ട് 17കാരും 20കാരനും

ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിലായി ഒൻപത് കൊലപാതകങ്ങൾ. തിരുച്ചിറപ്പള്ളിയിൽ മൂന്നും ശിവഗംഗയിൽ രണ്ടും ചെന്നൈ, പെരമ്പല്ലൂർ, കടലൂർ, തേനി എന്നിവിടങ്ങളിൽ ഓരോ കൊലപാതകവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ രണ്ട് 17 വയസ്സുകാരും 20കാരനും ഉൾപ്പെടുന്നു.
തിരുച്ചിറപ്പള്ളിയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. സമയപുരം സ്വദേശികളായ രാഹുൽ (17), ആർ വിശാൽ (17) എന്നിവരെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ധനലക്ഷ്മി ശ്രീനിവാസൻ സർവകലാശാലാ ക്യാംപസിന് സമീപത്തെ കനാലിനടുത്തുവെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നതിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി എസ്പി ഡോംഗരെ പ്രവീൺ ഉമേഷ് അറിയിച്ചു.
തിരുച്ചിറപ്പള്ളിയിലെ പുരത്തുകുടിയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മറ്റൊരു കൊലപാതകത്തിന് കാരണമായത്. തർക്കത്തിനിടെ ക്രിസ്റ്റഫർ (20) കുത്തേറ്റു മരിച്ചു.
തേനിയിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരിച്ചത് ചോദ്യം ചെയ്ത പൊലീസുകാരനെ മർദിച്ചുകൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ശിവഗംഗയിൽ രണ്ട് കൊലപാതകങ്ങൾ നടന്നപ്പോൾ ചെന്നൈ, പെരമ്പല്ലൂർ, കടലൂർ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. കടലൂരിലും ശിവഗംഗയിലും ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള നേതാക്കളാണ് കൊല്ലപ്പെട്ടത്.
തുടർച്ചയായ കൊലപാതകങ്ങൾ തമിഴ്‌നാട്ടിലെ ക്രമസമാധാന നിലയെക്കുറിച്ച് രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. ക്രമസമാധാന നിലയിലെ തകർച്ചയിൽ മുഖ്യമന്ത്രി വിജയ് ഇടപെടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.









0 comments