കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളിലെ 32 പേർക്ക് സർക്കാർ ജോലി

ഫയൽ ചിത്രം
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങളില 32 പേർക്ക് സർക്കാർ ജോലി. ഇത് സംബന്ധിച്ച നിയമന ഉത്തരവ് മുഖ്യമന്ത്രി വിജയ് നാളെ കൈമാറുമെന്നാണ് വിവരം. വെള്ളിയാഴ്ച കരൂർ ജില്ലയിൽ വിജയ് സന്ദർശനം നടത്തുന്നുണ്ട്. ഔദ്യോഗിക സർക്കാർ പരിപാടികളിലും പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കരൂരിൽ 6,500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്തംബറിൽ വിജയ്‍യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. ഇതിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നേരത്തെ 20 ലക്ഷം രൂപ വീതം സഹായം നൽകിയിരുന്നു.
സെപ്തംബർ 27നാണ് കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെയുടെ പ്രചാരണ പരിപാടിയിൽ ദുരന്തമുണ്ടായത്. വിജയ്‌യെ കാണാൻ ആളുകൾ തടിച്ചുകൂടിയതും ഏറെ നേരം കാത്ത് നിൽക്കേണ്ടി വന്നതുമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. കരൂർ ദുരന്തത്തിന് ശേഷം മരിച്ചവരുടെ കുടുംബങ്ങളെ മഹാബലിപുരത്തു വച്ച് വിജയ് നേരിട്ട് കണ്ടിരുന്നു. ആവശ്യമായ സുരക്ഷ നൽകാത്തതാണ് അപകടത്തിന് കാരണമെന്ന് ടിവികെയും ആരോപിച്ചിരുന്നു.











0 comments