തമിഴ്നാട്ടിൽ നിർമാണത്തിലിരുന്ന പള്ളി തകർന്നുവീണ് രണ്ടുപേർ മരിച്ചു; 12 പേരെ രക്ഷപെടുത്തി

തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പള്ളി തകർന്നുവീണ് രണ്ടുപേർ മരിച്ചു
വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന പള്ളി തകർന്നുവീണ് രണ്ടുപേർ മരിച്ചു. കാട്ട്പാടിക്ക് സമീപം മണ്ടി കൃഷ്ണപുരത്താണ് അപകടം. സിഎസ്‌ഐ സഭയുടെ കീഴിലുള്ള പള്ളിയുടെ മേൽക്കൂരയിൽ കോൺക്രീറ്റ് ഒഴിക്കുന്നതിനിടെയാണ് കെട്ടിടം തകർന്നുവീണത്.
അപകടസമയത്ത് 14 ലധികം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. കോൺക്രീറ്റിനും അവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ സിഎംസി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഒരാൾ മരിക്കുകയും തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയുമായിരുന്നു.
ഒരാൾ കൂടി കോൺക്രീറ്റിനടിയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം സ്ഥലത്തെത്തും. തമിഴ്നാട്, ആന്ധ്രാപ്രദേശ് പൊലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തിൽ അന്വേഷണം നടത്തുമെന്നും പള്ളി നിർമാണത്തിന് ആവശ്യമായ അനുമതികൾ ലഭിച്ചിരുന്നോയെന്ന് പരിശോധിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.









0 comments