ad
Deshabhimani

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ സംവിധാനങ്ങൾ വേണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

children social media

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 10, 2026, 10:37 PM | 1 min read

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗത്തിന് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. ‘ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്’ സമർപ്പിച്ച ഹർജിയിലാണ് നടപടി.


ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന് കോടതി നിരീക്ഷിച്ചു.


18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കരാറിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ കരാർ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടികൾക്ക് കരാറിൽ ഏർപ്പെടാനുള്ള നിയമപരമായ ശേഷിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ഫലപ്രദമായ പ്രായപരിശോധനാ സംവിധാനം ഇല്ലാത്തത് കുട്ടികളെ ഓൺലൈൻ ഗ്രൂമിംഗ്, ലൈംഗിക ചൂഷണം, ഡിജിറ്റൽ മനുഷ്യക്കടത്ത്, സെക്സ്റ്റോർഷൻ, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളിലേക്ക് എത്തിക്കുന്നതായി ഹർജിക്കാർ പറഞ്ഞു.


മാതാപിതാക്കളുടെയോ നിയമപരമായ രക്ഷിതാവിന്റെയോ സമ്മതമില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി കരാറിൽ ഏർപ്പെടുന്നത് തടയാൻ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. രക്ഷിതാവിന്റെ വ്യക്തിത്വം ഇ-കെവൈസി പോലുള്ള സംവിധാനങ്ങളിലൂടെ പരിശോധിക്കണമെന്നും നിർദേശമുണ്ട്.


അതേസമയം, കുട്ടികളെ ഡിജിറ്റൽ സംവിധാനത്തിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നല്ല ഹർജിക്കാരുടെ നിലപാട്. വിദ്യാഭ്യാസം, ഗവേഷണം, നൈപുണ്യ വികസനം, പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണ്.


അതിനാൽ അപകടങ്ങൾ സംഭവിച്ചശേഷം പരിഹരിക്കുന്നതിന് പകരം, സേവനങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഘട്ടത്തിൽ തന്നെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന ‘പ്രിവൻഷൻ ബൈ ഡിസൈൻ’ സമീപനം സ്വീകരിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home