പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ; ജീവനക്കാരെയും വിഭജിക്കും

പാലക്കാട്: കേരളത്തിന്റെ ശക്തമായ എതിർപ്പുകളും ആശങ്കകളും പൂർണ്ണമായും അവഗണിച്ച് പാലക്കാട് റെയിൽവേ ഡിവിഷനെ ദുർബലപ്പെടുത്തുന്ന നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള മേഖല പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തി മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അവിടെ ജോലി ചെയ്യുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് റെയിൽവേ 'ഓപ്ഷൻ നോട്ടീസ്' നൽകി. ദക്ഷിണ റെയിൽവേയിൽ തുടരണോ അതോ ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറണോ എന്ന് തിരഞ്ഞെടുക്കാനാണ് നിർദേശം. സെപ്തംബർ 10-നാണ് പാലക്കാട് ഡിവിഷൻ പേഴ്സണൽ വിഭാഗം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. വിഭജനം പ്രായോഗികമായി നടപ്പാക്കിത്തുടങ്ങി എന്നതിന്റെ വ്യക്തമായ രേഖയാണിത്.
റെയിൽവേ ബോർഡിന്റെ ആഗസ്ത് 21-ലെ തീരുമാനപ്രകാരം ഒക്ടോബർ ഒന്നുമുതൽ മംഗളൂരു മേഖല പാലക്കാട് ഡിവിഷന് നഷ്ടപ്പെടും. മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർ സെപ്തംബർ 18-നകം ഇതിനുള്ള ഓപ്ഷൻ സമർപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സെപ്തംബർ 21-നകം ഇത് പാലക്കാട് പേഴ്സണൽ വിഭാഗത്തിന് കൈമാറണം. ദക്ഷിണ പശ്ചിമ റെയിൽവേ തിരഞ്ഞെടുക്കുന്ന ജീവനക്കാരുടെ സ്ഥലംമാറ്റം ഭരണപരമായ നടപടിയായിരിക്കും. നിലവിലെ ഗ്രേഡിലെ സർവീസ് കാലയളവ് അടിസ്ഥാനമാക്കിയായിരിക്കും ഇവരുടെ സീനിയോറിറ്റി നിശ്ചയിക്കുക. ഒരിക്കൽ നൽകിയ ഓപ്ഷൻ പിന്നീട് മാറ്റാനോ പിൻവലിക്കാനോ കഴിയില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
മംഗളൂരു മേഖലയെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തരുതെന്ന ആവശ്യങ്ങൾ നിലനിൽക്കെയാണ് കേന്ദ്രം നടപടികൾ വേഗത്തിലാക്കുന്നത്. ഒക്ടോബർ ഒന്നുമുതൽ മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, മാർഷലിങ് യാർഡ്, ഗുഡ്സ് ഷെഡ് എന്നിവ മൈസൂരു ഡിവിഷന്റെ പൂർണ്ണ നിയന്ത്രണത്തിലാകും. ഇതിന്റെ ഭാഗമായുള്ള കൈമാറ്റ നടപടികൾ ചർച്ച ചെയ്യാൻ പാലക്കാട്, മൈസൂരു ഡിവിഷണൽ റെയിൽവേ മാനേജർമാർ സെപ്തംബർ 11-ന് മംഗളൂരുവിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് മംഗളൂരു മേഖല. ഡിവിഷന്റെ ചരക്കുവരുമാനത്തിന്റെ 90 ശതമാനത്തിലധികവും ആകെ വരുമാനത്തിന്റെ പകുതിയിലധികവും ഈ മേഖലയിൽനിന്നാണ്. കൂടാതെ മംഗളൂരു സെൻട്രലിലെയും ജങ്ഷനിലെയും കോച്ചിങ്, അറ്റകുറ്റപ്പണി സൗകര്യങ്ങൾ നഷ്ടപ്പെടുന്നത് മലബാറിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനെയും നിലവിലുള്ളവ നീട്ടുന്നതിനെയും കടുത്ത പ്രതിസന്ധിയിലാക്കും.
പാലക്കാട് ഡിവിഷന്റെ സാമ്പത്തിക അടിത്തറ തകർക്കുകയും കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടിയാകുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ ഈ വിഭജന തീരുമാനം പിൻവലിക്കണമെന്ന് സിപിഐ എം എംപിമാരായ കെ രാധാകൃഷ്ണനും ജോൺ ബ്രിട്ടാസും പാർലമെന്റിലും പുറത്തും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേന്ദ്രത്തിന്റെ ഈ കേരളവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ രാഷ്ട്രീയ സമ്മർദം ഉയർത്തുന്നതിൽ യുഡിഎഫ് സംസ്ഥാന സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടു. പ്രതിഷേധങ്ങൾ വെറും പ്രസ്താവനകളിലും കത്തുകളിലും ഒതുക്കുകയായിരുന്നു.
കത്തയച്ചതും ഒരു ദിവസത്തെ പ്രതിഷേധവും കഴിഞ്ഞതോടെ യുഡിഎഫ് സർക്കാരിന്റെ ഇടപെടൽ അവിടെത്തന്നെ ഒതുങ്ങി. പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ തടയാൻ കേന്ദ്രത്തിനുമേൽ തുടർച്ചയായ രാഷ്ട്രീയ സമ്മർദം ചെലുത്താനോ കേരളത്തിലെ എംപിമാരെ ഒരുമിപ്പിച്ച് റെയിൽവേ മന്ത്രിയെ നേരിട്ട് സമീപിക്കാനോ സർക്കാർ നേതൃത്വം നൽകിയില്ല. തീരുമാനം മരവിപ്പിക്കണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുകൊണ്ടുപോകാതിരിക്കെ കേന്ദ്രം നടപടികൾ ഓരോന്നായി നടപ്പാക്കുകയായിരുന്നു. ഇപ്പോൾ ജീവനക്കാരോട് ഏത് റെയിൽവേ സോണിൽ തുടരണമെന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടതോടെ വിഭജനം പ്രായോഗിക ഘട്ടത്തിലെത്തിയിരിക്കുകയാണ്.









0 comments