അമേരിക്കൻ തീരുവ–ഉപരോധ സമ്മർദത്തിനിടെ ബ്രിക്സ്; സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താൻ ഉച്ചകോടി

Photo:X
ന്യൂഡൽഹി : അമേരിക്കയുടെ ഏകപക്ഷീയ തീരുവ നയങ്ങളും പാശ്ചാത്യ ഉപരോധങ്ങളും ലോകവ്യാപാരത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി ബ്രിക്സ്. ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ഉച്ചകോടിയിൽ വ്യാപാരം, നിക്ഷേപം, ഭക്ഷ്യ–ഊർജ സുരക്ഷ, സാങ്കേതികവിദ്യ, നിർണായക വിതരണ ശൃംഖലകൾ എന്നിവ പ്രധാന ചർച്ചയാകും. സെപ്തംബർ 12, 13 തീയതികളിൽ ന്യൂഡൽഹി ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുക
റഷ്യ–ഉക്രയ്ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും ലോകത്തെ വിതരണ ശൃംഖലകളെ ബാധിക്കുന്ന സാഹചര്യത്തിലാണ് ബ്രിക്സ് രാജ്യങ്ങൾ കൂടുതൽ പരസ്പര സഹകരണം തേടുന്നത്. ഭക്ഷണം, ഊർജം, ആരോഗ്യം, കൃഷി തുടങ്ങിയ നിർണായക മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കി പുറത്തുനിന്നുള്ള സമ്മർദങ്ങളുടെ ആഘാതം കുറയ്ക്കാനാണ് ശ്രമം.
അമേരിക്കയുടെ തീരുവ നയങ്ങളും പാശ്ചാത്യ ഉപരോധങ്ങളും വികസ്വര രാജ്യങ്ങൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുക, പുതിയ വിപണികൾ കണ്ടെത്തുക, വിതരണ ശൃംഖലകൾ വൈവിധ്യവത്കരിക്കുക തുടങ്ങിയവയ്ക്ക് ഉച്ചകോടി പ്രത്യേക പ്രാധാന്യം നൽകുന്നു.
ലോകകാര്യങ്ങളിൽ ഏതാനും ശക്തരായ രാജ്യങ്ങളുടെ മാത്രം മേൽക്കൈ തുടരരുന്നതിനെതിരെ ബ്രിക്സ് ഉച്ചകോടിയിൽ ശബ്ദം ഉയരും. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളിൽ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നാണ് ബ്രിക്സിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ടാണ് ‘ആഗോള ഭരണവും ബഹുമുഖ സഹകരണവും ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ നേതാക്കൾ ചർച്ച നടത്തുക.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ തുടങ്ങിയ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അംഗരാജ്യങ്ങൾക്ക് പുറമെ ബ്രിക്സ് പങ്കാളി രാജ്യങ്ങളുടെയും ക്ഷണിതാക്കളുടെയും നേതാക്കളും ചർച്ചകളുടെ ഭാഗമാകും.
പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ ഇറാനും യുഎഇയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാ വിഷയങ്ങളിലും ഒരേ നിലപാടിലെത്തുക എളുപ്പമാകില്ല. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രിക്സ് തീരുമാനങ്ങൾ എടുക്കുന്നത്. അതിനാൽ ന്യൂഡൽഹി പ്രഖ്യാപനത്തിൽ അംഗരാജ്യങ്ങൾ എത്രത്തോളം പൊതുനിലപാടിലെത്തുമെന്നതും ശ്രദ്ധേയമാണ്.
ലോകജനസംഖ്യയുടെ പകുതിയോളം പേരും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു പങ്കും ഉൾക്കൊള്ളുന്ന കൂട്ടായ്മയായി ബ്രിക്സ് ഇതിനകം വളർന്നു. പാശ്ചാത്യ രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക–രാഷ്ട്രീയ സഹകരണം ശക്തിപ്പെടുത്താനുള്ള വേദിയായി കൂട്ടായ്മയെ കൂടുതൽ ശക്തമാക്കുക എന്നതും ലക്ഷ്യമാണ്.









0 comments