പന്ത്രണ്ടുകാരനെ വെട്ടിക്കൊന്ന ശേഷം അമ്മയെ പരിക്കേൽപ്പിച്ചു; പിന്നാലെ പ്രതി ആത്മഹത്യ ചെയ്തു

സേലം : തമിഴ്നാട്ടിൽ പന്ത്രണ്ടുവയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി 10ഓടെ സേലം ഓമല്ലൂരിനടുത്തുള്ള കറുത്തനൂരിലാണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ആർ കിശാന്ത് ആണ് മരിച്ചത്. കിശാന്തിന്റെ അമ്മ സത്യ (31) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രതി ശക്തിവേലിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. സത്യ ജോലി ചെയ്തിരുന്ന ഇലക്ട്രോണിക്സ് കട നടത്തിയിരുന്നത് ശക്തിവേൽ ആയിരുന്നു.
സത്യ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ശക്തിവേലുമായി മുമ്പ് സത്യ ബന്ധം പുലർത്തിയിരുന്നുവെന്നും തെറ്റിദ്ധാരണയെ തുടർന്ന് ഇരുവരും തമ്മിൽ പിണക്കം ഉണ്ടായതായും മൂന്ന് മാസം മുമ്പ് ഇവർ പരസ്പരം സംസാരിക്കുന്നത് അവസാനിപ്പിച്ചെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച രാത്രി ശക്തിവേൽ സത്യയുടെ വീട്ടിലെത്തി. സത്യ വാതിൽ തുറന്നതിനു പിന്നാലെ അരിവാൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സത്യയുടെ 13 വയസ്സുള്ള മകൾ ആ സമയത്ത് മുത്തശ്ശിയുടെ വീട്ടിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരാണ് സത്യയെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചത്. സത്യ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്. അന്വേഷണത്തിൽ വെള്ളാലപട്ടിയിലെ വീടിനടുത്തുള്ള ഒരു ഫാമിൽ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് ശക്തിവേലിനെ കണ്ടെത്തിയത്. കരുപ്പൂർ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.










0 comments