ലൈംഗിക പീഡന കേസ്: ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ അറസ്റ്റിൽ

ന്യൂഡൽഹി: വിദ്യാർഥിനികളുടെ പീഡനപരാതികൾക്കു പിന്നാലെ ഒളിവിൽപോയ സ്വാമി ചൈതന്യാനന്ദയെ പൊലീസ് പിടികൂടി. ആഗ്രയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് ഡയറക്ടറായിരുന്നു. പീഡനപരാതികൾ പുറത്തുവന്നതോടെ ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു.
വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന കുട്ടികളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നു വിദ്യാർഥികൾ മൊഴി നൽകിയിരുന്നു.സ്വാമിയുടെ ഭീഷണിയും പീഡനവും സഹിക്കാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതായും വെളിപ്പെടുത്തലുണ്ടായി. ജൂലൈ 28നു പിജിഡിഎം 2023 ബാച്ചിലെ വിദ്യാർഥി സ്ഥാപനത്തിനു നൽകിയ പരാതിക്കു പിന്നാലെ, വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ–മെയിൽ സന്ദേശമാണ് ചൈതന്യാന്ദയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ നിർബന്ധിതരാക്കിയത്.
വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ഓഗസ്റ്റ് ഒന്നിനാണു വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥ ഇ–മെയിൽ അയച്ചത്. തൊട്ടു പിന്നാലെ ഓഗസ്റ്റ് 3നു പുതിയതായി രൂപീകരിച്ച ഗവേണിങ് കൗൺസിൽ 30 വിദ്യാർഥികളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചു. അപ്പോഴാണ് പീഡനവിവരം ഉൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങൾ കുട്ടികൾ പങ്കുവച്ചത്. ചൈതന്യാനന്ദയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അന്വേഷണം നടക്കുന്ന കാലഘട്ടത്തിൽ 50 ലക്ഷത്തോളം രൂപയാണ് ഇയാൾ തന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നത്. വ്യത്യസ്ത പേരുവിവരങ്ങൾ ഉപയോഗിച്ചാണ് ഒളിവിലുള്ള ഇയാൾ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരിക്കുന്നത്.
18 ബാങ്ക് അക്കൗണ്ടുകളും അതിലായി 28 ഫിക്സഡ് ഡെപ്പോസിറ്റുകളും ഇയാൾക്കുണ്ട്. അതിൽ എട്ട് കോടിയോളം രൂപയാണുള്ളത്. ഇതെല്ലാം പോലീസ് മരവിപ്പിച്ചു.
ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പെൺകുട്ടികൾ ഉന്നയിച്ചത്. രാത്രി അശ്ലീലസന്ദേശങ്ങളയക്കുക, ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക, പെൺകുട്ടികളുടെ ഹോസ്റ്റലിൽ മുക്കിലും മൂലയിലും സിസിടിവി വയ്ക്കുക, ഇയാളുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്നവരിൽ നിന്ന് ഫീസ് കൂട്ടി വാങ്ങുകയും മാർക്ക് കുറയ്ക്കുകയും ചെയ്യുക, ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ഉപയോഗിച്ച് പെൺകുട്ടികളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെയുള്ള പരാതികളാണ് ഉന്നയിക്കപ്പെട്ടത്.









0 comments