ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ അറിയാം

കൊച്ചി: പ്രേക്ഷകർ കാത്തിരുന്ന ഒരുപിടി സിനിമകളാണ് വെള്ളിയാഴ്ച ഒടിടിയിൽ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ നായകനായെത്തിയ ‘ഡീയസ് ഈറെ’, രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ‘തമ’, ‘ദ് ഗേൾഫ്രണ്ട്’ എന്നീ ചിത്രങ്ങളും ഒടിടിയിൽ റിലീസ് ചെയ്തു.
ഡീയസ് ഈറെ
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ത്രില്ലറാണ് ‘ഡീയസ് ഈറെ’. ജിയോ ഹോട്ട്സ്റ്റാറിലും മനോരമ മാക്സിലും സിംപ്ളി സൗത്തിലും ഇപ്പോൾ ചിത്രം ആസ്വദിക്കാം. ‘ഭ്രമയുഗം’, ‘ഭൂതകാലം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറെ’യ്ക്ക് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.
തമ
രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹൊറർ കോമഡി സിനിമയാണ് ‘തമ’. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നവാസുദീൻ സിദ്ദിഖി, പരേഷ് റാവല്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാഡോക് ഹൊറർ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ‘തമ’. ചിത്രം നൂറ് കോടിയിലധികം കലക്ഷൻ നേടിയിരുന്നു.
ദ് ഗേൾഫ്രണ്ട്
രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രമാണ് ‘ദ് ഗേൾഫ്രണ്ട്’. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ദീക്ഷിത് ഷെട്ടിയാണ് ചിത്രത്തിലെ നായകൻ. രാഹുൽ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ടോക്സിക് ബന്ധത്തിൽ നിന്ന് പുറത്തു കടക്കുന്ന പെൺകുട്ടിയുടെ കഥയാണ് ദ് ഗേൾഫ്രണ്ട് പറയുന്നത്.
ഫെമിനിച്ചി ഫാത്തിമ
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ഫെമിനിച്ചി ഫാത്തിമ’. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഡിസംബർ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും തമർ കെ വിയും ചേർന്ന് നിർമിച്ച ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നായിക ഷംല ഹംസ നേടിയിരുന്നു.







0 comments