ഇന്ത്യയുമായി ഏറ്റവും വലിയ ആണവ പദ്ധതിയിൽ സഹകരണം പ്രഖ്യാപിച്ച് പുടിൻ

putin modi
വെബ് ഡെസ്ക്

Published on Dec 05, 2025, 05:31 PM | 2 min read

ന്യുഡൽഹി: ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ റഷ്യ വിശ്വസനീയമായ പങ്കാളിയായിരിക്കും. ഇന്ധന കയറ്റുമതി തടസ്സമില്ലാതെ തുടരാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിൽ പുടിൻ.


ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംയുക്ത മാധ്യമസമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ ദിവസമാണ് 23-ാമത് ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിക്കായി പുടിൻ രാജ്യത്ത് എത്തിയത്. ഉഭയ കക്ഷി ചർച്ചകൾക്ക് ശേഷമായിരുന്നു മാധ്യമ സമ്മേളനം.


 “ഊർജ്ജ മേഖലയിൽ നമുക്ക് വിജയകരമായ പങ്കാളിത്തം പുലർത്താൻ കഴിയും. എണ്ണ, വാതകം, കൽക്കരി, എന്നിങ്ങനെ ഇന്ത്യയുടെ ഊർജ്ജ വികസനത്തിന് ആവശ്യമായ എല്ലാത്തിന്റെയും വിശ്വസനീയമായ കേന്ദ്രമായി തുടരും.


വളർന്നുവരുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് തടസ്സമില്ലാതെ ഇന്ധനം കയറ്റുമതി ചെയ്യുന്നത് തുടരാൻ ഞങ്ങൾ തയ്യാറാണ്. ഏറ്റവും വലിയ ഇന്ത്യൻ ആണവ നിലയം നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതിയും ഞങ്ങൾ നടത്തുന്നുണ്ട്.” - പുടിൻ പറഞ്ഞു.


പദ്ധതി പൂർത്തിയാകുമ്പോൾ, ഇന്ത്യയുടെ ഭാവിയിലെ ശുദ്ധമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു മൂലക്കല്ലായി ആണവ നിലയം മാറും. മാത്രമല്ല ഇത് ഇന്ത്യ-റഷ്യ സാങ്കേതിക സഹകരണത്തിന്റെ പ്രധാന സ്തംഭമായിത്തീരുകയും ചെയ്യുമെന്നും പറഞ്ഞു.


റഷ്യൻ സഹായത്തോടെയുള്ള ആറ് റിയാക്ടറുകളിൽ മൂന്നെണ്ണം ഇതിനകം രാജ്യത്തെ ഊർജ്ജ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് വലിയ പദ്ധതി ലക്ഷ്യം വെക്കുന്നതായി പുടിൻ പറഞ്ഞത്.


ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നത് വ്യാപാര വളർച്ചയെ കൂടുതൽ ത്വരിതപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.


2030 വരെ ഇന്ത്യയും റഷ്യയും ഒരു സാമ്പത്തിക പരിപാടിയിൽ യോജിച്ചു പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.


ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല പ്രതിരോധ ബന്ധത്തെയും പുടിൻ പ്രശംസിച്ചു, ഇന്ത്യൻ സായുധ സേനയെ ആധുനികവൽക്കരിക്കുന്നതിൽ മോസ്കോയുടെ തുടർച്ചയായ പങ്ക് എടുത്തുകാണിച്ചു.


സെപ്റ്റംബർ ഒന്നിന് ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് പുടിനും അവസാനമായി കണ്ടുമുട്ടിയത്. 2021 ന് ശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.


2022 ലാണ് ഉക്രെയ്‌നിനെതിരെ പൂർണ്ണ തോതിലുള്ള യുദ്ധം തുടങ്ങിയത്. റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് ഡൊണൾഡ് ട്രംപിന്റെ സമ്മർദ്ദം മൂലം ഇന്ത്യ ഘട്ടങ്ങളായി നിർത്തിയിരിക്കയാണ്. യു എസ് പ്രതികാര ചുങ്കം ഇന്ത്യ നേരിടുന്നതും റഷ്യൻ എണ്ണയുടെ പേരിലാണ്. എണ്ണയിൽ നിന്നുള്ള വരുമാനം റഷ്യ യുദ്ധ ചെലവുകൾക്ക് ഉപയോഗിക്കുന്നു എന്നാണ് ആരോപണം.


ഉക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന മധ്യസ്ഥത വഹിക്കാനുള്ള യുഎസ് ശ്രമങ്ങൾ ധാരണയാവാതെ തുടരുന്ന വേളയിലുമാണ് പുടിന്റെ ഇന്ത്യാ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.


സന്ദർശനത്തിന് തൊട്ട് മുൻപ് വ്യാഴാഴ്ച, ഡോൺബാസ് മേഖലയിൽ നിന്ന് ഉക്രെയ്ൻ പിന്മാറണമെന്ന് പുടിൻ വീണ്ടും മുന്നറിയിപ്പ് നൽകി. അല്ലെങ്കിൽ റഷ്യ അത് പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home