ആറാം വയസില്‍ തടവിലാക്കപ്പെട്ടു; ഇരുപത് വർഷം ഇരുട്ടറയിൽ, ഇപ്പോൾ കണ്ണിലും ഇരുട്ട്

ഛത്തീസ്ഗഢ്: ലോകം കളിച്ചുല്ലസിക്കുമ്പോൾ അവൾ ഇരുട്ടിലായിരുന്നു. ആറാം വയസ്സിൽ തടവിലാക്കപ്പെട്ട ലിസ ഇരുപത് വർഷങ്ങൾക്കിപ്പുറം പുറം ലോകത്തേക്ക് കാലെടുത്തുവെച്ചെങ്കിലും വെളിച്ചം കാണാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. ചില കഥകൾ ഉണങ്ങാത്ത മുറിവുകൾ പോലെയാണ്. ചിലർക്ക് ഒരിക്കലും ബാല്യങ്ങളുണ്ടാവുന്നില്ല. അങ്ങനെ അടിച്ചമർത്തപ്പെട്ട ബാല്യത്തിന്റെ കഥയാണ് ലിസയുടേത്. അധികൃതർ കണ്ടെത്തുമ്പോഴേക്കും അവളുടെ ജീവിതം ഏറെക്കുറെ ഇരുട്ട് മാത്രമായി മാറിയിരുന്നു.
അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്ന പ്രായത്തിൽ, ലിസ പഠിച്ചത് ഭയമായിരുന്നു. ഛത്തീസ്ഗഢിലെ ബസ്തറിലെ ബകാവന്ത് ഗ്രാമവാസിയാണ് ലിസ. 2000-ൽ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഗ്രാമത്തിലെ ഒരു യുവാവ് അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആ വാക്കുകൾ അവളെ വല്ലാതെ ഭയപ്പെടുത്തി, അതോടെ അവൾ നിശ്ശബ്ദതയിലേക്ക് ഒതുങ്ങി. ലിസയുടെ അമ്മ മരിച്ചുപോയിരുന്നു. യുവാവിന്റെ ഭീഷണിയിൽ കർഷകനായ അവളുടെ അച്ഛനും ഭയന്നു. പിന്തുണ നൽകാൻ ആരുമില്ല, സുരക്ഷാ സംവിധാനങ്ങളില്ല, മകളെ സംരക്ഷിക്കാൻ ആളില്ല, എന്നീ ചിന്തകൾ അദ്ദേഹത്തെ കടുത്ത തീരുമാനത്തിലേക്കെത്തിച്ചു. ലിസയെ തടങ്കലിലാക്കുക.
ലിസയുടെ അടുത്ത ഇരുപത് വർഷം കവരുന്ന തീരുമാനമായിരുന്നു അത്. ഭയത്തിൽ നിന്ന് രക്ഷ നേടാൻ അദ്ദേഹം അവളെ വീടിനുള്ളിൽ പൂട്ടിയിട്ടു. ജനലുകളില്ലാത്ത ഒരു മുറിയായിരുന്നു പിന്നീട് അവളുടെ ലോകം. സൂര്യപ്രകാശമില്ല, സംഭാഷണങ്ങളില്ല, മനുഷ്യന്റെ സ്പർശമില്ല. ഭക്ഷണം നൽകാൻ മാത്രമായിരുന്നു വാതിൽ തുറന്നത്. വാതിലിനരികിൽ ഒരു പാത്രം നിറയെ ഭക്ഷണം.
നിഴലുകൾ മാത്രമായിരുന്നു അവളുടെ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നത്. വാതിലിലൂടെ അകത്തേക്ക് തള്ളിവിടുന്ന പാത്രങ്ങളുടെ ശബ്ദം മാത്രമായിരുന്നു അവളുടെ സംഭാഷണങ്ങൾ.
ഇരുപത് വർഷങ്ങൾക്ക് ശേഷം അധികൃതർ അവളെ കണ്ടെത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ മാത്രമല്ല, ഓർമ്മകളിലും ഇരുട്ട് മാത്രമായിത്തീർന്നിരുന്നു. രണ്ട് പതിറ്റാണ്ടിന്റെ തടവറ ജീവിതത്തിന് ശേഷം, ഇപ്പോൾ സ്വന്തം പേര് കേട്ടാൽ പോലും ലിസയ്ക്ക് പ്രതികരിക്കാൻ കഴിയുന്നില്ല.
സാമൂഹ്യക്ഷേമ വകുപ്പിന്റെ സംഘം പ്രവേശിക്കുമ്പോൾ, കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ട ഒരു യുവതിയെയായിരുന്നു അവര്‍ കണ്ടത്. ഡോക്ടർമാർ പറയുന്നതനുസരിച്ച്, പ്രകൃതിദത്തമായ വെളിച്ചം ഏൽക്കാതെയുള്ള ദീർഘകാല ഒറ്റപ്പെടൽ കാഴ്ച തിരികെ ലഭിക്കാനുള്ള സാധ്യതകൾ തീരെ ഇല്ലാതാക്കിയിരിക്കുന്നു.
ലിസയുടെ മാനസിക വികാസത്തെയും ഇത് സാരമായി ബാധിച്ചു. ചെറിയ കുട്ടിയെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തം പേര് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല. നേരെ നിൽക്കാൻ കഴിഞ്ഞില്ല. ഓരോ ശബ്ദത്തെയും അവൾ ഭയന്നു, ഓരോ സ്പർശനത്തെയും എതിർത്തു.
രക്ഷാപ്രവർത്തനത്തിന് ശേഷം, വിശദമായ ശാരീരിക, മാനസിക പരിശോധനകൾക്കായി അവളെ ജഗ്ദൽപൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സാമൂഹ്യക്ഷേമ വകുപ്പ് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 20 വർഷം തടവിൽ കഴിഞ്ഞത് എന്തുകൊണ്ടാണെന്നും മറ്റും അറിയാൻ കുടുംബാംഗങ്ങളെയും അയൽക്കാരെയും ചോദ്യം ചെയ്യുകയാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടി അപകടത്തിലായിട്ടും സ്കൂളുകൾ, പഞ്ചായത്ത് സ്ഥാപനങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവ എന്തുകൊണ്ട് അച്ഛൻ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്.
ലിസ ഇപ്പോൾ 'ഘരൗണ്ട ആശ്രമം' എന്ന പുനരധിവാസ കേന്ദ്രത്തിലാണ് താമസിക്കുന്നത്. ഇവിടെ കെയർ വർക്കർമാരും കൗൺസിലർമാരും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുകയാണ്.
ഡോക്ടർമാരും പരിചരിക്കുന്നവരും പ്രതീക്ഷയിലാണ്. കാഴ്ച തിരികെ ലഭിക്കണമെന്നില്ല എങ്കിലും വൈകാരികവും, വൈജ്ഞാനികപരവുമായ മാറ്റം കൊണ്ടുവരാൻ സാധ്യമാണെന്നാണ് അവർ കരുതുന്നത്., അതിന് വർഷങ്ങളെടുത്തേക്കാം. അവൾക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. ഞങ്ങൾ അവളെ രക്ഷപ്പെടുത്തി, ഇപ്പോൾ അവൾ ഒരു സംരക്ഷണ കേന്ദ്രത്തിലാണ്," സാമൂഹ്യക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുചിത്ര ലാക്ര പറഞ്ഞു.
'ഒറ്റപ്പെടലിൽ അവൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഞങ്ങൾ അവളെ രക്ഷപ്പെടുത്തുമ്പോൾ അവൾ ആകെ ഭയന്നിരിക്കുകയായിരുന്നു. അവളുടെ അച്ഛൻ പ്രായമായ ആളാണ്, ആരും അവളെ നോക്കരുത് എന്ന് കരുതിയാണ് മുറിയിൽ പൂട്ടിയിട്ടത്. അവൾ ഇപ്പോൾ സുരക്ഷിതയാണ്. ഷെൽട്ടറിൽ അവൾ സ്വയം ഭക്ഷണം കഴിക്കുകയും കുളിക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.'
'ലിസയുടെ സഹോദരനും സഹോദര ഭാര്യയും അടുത്താണ് താമസിച്ചിരുന്നത്. പക്ഷേ അവരും ലിസയെ ശ്രദ്ധിച്ചിരുന്നില്ല. തുടക്കത്തിൽ അവൾ ഒരു സാധാരണ പെൺകുട്ടിയായിരുന്നു, സ്കൂളിൽ പോയിരുന്നു, ഒരുപക്ഷേ രണ്ടാം ക്ലാസ്സിൽ. ആ സമയത്താണ് ഒരാൾ അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. അതിനുശേഷം അവൾ സ്കൂളിൽ പോകുന്നത് നിർത്തി, ആളുകളെ കാണുന്നത് നിർത്തി. അവളുടെ അച്ഛൻ തന്നെ അവളെ കാണാൻ വന്ന്, തനിക്ക് പ്രായമായി, ദയവായി മകളെ നോക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞങ്ങൾക്ക് അവളെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.' സുചിത്ര പറഞ്ഞു.








0 comments