ലോകശ്രദ്ധയാകർഷിച്ച ചിത്രങ്ങള്‍ക്ക് കാണാൻ ഐഎഫ്എഫ്കെ വേദിയൊരുക്കുന്നു

iffk,  It Was Just an Accident
വെബ് ഡെസ്ക്

Published on Dec 05, 2025, 06:13 PM | 4 min read

തിരുവനന്തപുരം: ലോകശ്രദ്ധയാകർഷിച്ച ചിത്രങ്ങൾ കാണുവാൻ ആ​ഗ്രഹമുണ്ടോ? എങ്കിൽ ഇത്തവണത്തെ ഐഎഫ്എഫ്കെ മിസ്സാക്കരുത്. ലോകത്തെ വിവിധ ചലച്ചിത്രമേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്‌സ് വിഭാഗമാണ് 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്‍ഷണം.


'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്' , 'സെന്റിമെന്റല്‍ വാല്യൂ ', 'എ പോയറ്റ് ', 'ദി മാസ്റ്റര്‍ മൈന്‍ഡ്' , 'നോ അദര്‍ ചോയ്‌സ്' , 'ബുഗോണിയ' , 'ദി സീക്രെട് ഏജന്റ് ', 'ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യു' , 'ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍' , 'ദി പ്രെസിഡന്റ്‌സ് കേക്ക് ,' 'ഡ്രീംസ് (സെക്‌സ് ലവ് )', 'സിറാത്' , 'യങ് മതര്‍സ് ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.


കാന്‍മേളയില്‍ പാംദോര്‍ പുരസ്‌കാരം നേടിയ ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ് ' ഒരു ത്രില്ലര്‍ ചിത്രമാണ്. മുന്‍ ഇറാനിയന്‍ രാഷ്ട്രീയ തടവുകാര്‍ അവരുടെ പീഡകനെന്ന് കരുതുന്ന വ്യക്തിയോടുള്ള പ്രതികാരം നിര്‍വഹിക്കുന്നതിനുള്ള ആശയക്കുഴപ്പത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. 98-ാമത് ഓസ്‌കാറില്‍ മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫ്രാന്‍സിന്റെ ഔദ്യോഗിക എന്‍ട്രിയുമായിരുന്നു ഈ സിനിമ.


ജോയകിം ട്രിയര്‍ സംവിധാനം ചെയ്ത കോമഡി-ഡ്രാമയാണ് സെന്റിമെന്റല്‍ വാല്യൂ . പ്രശസ്തനായ ഒരു സംവിധായകന്റെയും അയാളുടെ രണ്ടു പെണ്‍മക്കളുടെയും കഥപറയുന്നതാണ് ചിത്രം. ചിത്രം കാന്‍ ചലച്ചിത്രോത്സവത്തില്‍ ഗ്രാന്‍ഡ് പ്രി നേടി. 98-ാമത് ഓസ്‌കാറില്‍ നോര്‍വെയുടെ ഔദ്യോഗിക എന്‍ട്രിയുമായിരുന്നു.


സിമോന്‍ മെസ സോട്ടോ സംവിധാനം ചെയ്ത എ പോയറ്റ് , ഒരു കൗമാരക്കാരിയെ ഉപദേശിക്കുന്നതിലൂടെ ജീവിതാര്‍ത്ഥം കണ്ടെത്തുന്ന പ്രായമായ ഒരു കവിയെക്കുറിച്ചുള്ള കഥയാണ്. കാനില്‍ അണ്‍സേട്ടന്‍ റിഗാര്‍ഡ് ജൂറി പ്രൈസ്, മെല്‍ബണ്‍ ചലച്ചിത്രോത്സവത്തില്‍ ബ്രൈറ്റ് ഹൊറൈസണ്‍സ് അവാര്‍ഡ്, മ്യൂണിക് ചലച്ചിത്രോത്സവത്തില്‍ സിനി കോപ്രൊ എന്നിവയും നേടി.


കെല്ലി റൈക്കാര്‍ട്ട് സംവിധാനം ചെയ്ത ദി മാസ്റ്റര്‍മൈന്‍ഡ് 1970 പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. വാസ്തു ശില്പിയായ ജെയിംസ് ബ്ലെയ്ന്‍ മൂണിയും സംഘവും പകല്‍വെളിച്ചത്തില്‍ ഒരു മ്യൂസിയത്തില്‍ കയറി നാല് ചിത്രങ്ങള്‍ മോഷ്ടിക്കുന്നു. അവ കൈവശം വെയ്ക്കുന്നത് മോഷ്ടിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായപ്പോള്‍, മൂണി ഒളിവില്‍ കഴിയേണ്ട അവസ്ഥയായി. ആ ഒളിവു ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. വല്ലഡോലിഡ് ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ സ്പൈക്ക് നേടുകയും ചെയ്ത ചലച്ചിത്രമാണിത്. കാന്‍, സിഡ്‌നി, ഗെന്റ് ചലച്ചിത്രോത്സവങ്ങള്‍ എന്നിവയില്‍ നാമനിര്‍ദേശവും ലഭിച്ചിട്ടുണ്ട്.


ദക്ഷിണ കൊറിയന്‍ സംവിധായകന്‍ പാര്‍ക്ക് ചാന്‍ വൂക്കിന്റെ നോ അദര്‍ ചോയ്‌സ് ചിത്രമാണ് മറ്റൊന്ന്, തൊഴില്‍ നഷ്ടപ്പെട്ടതിനുശേഷം ഗൗരവം വീണ്ടെടുക്കാന്‍ അക്രമത്തിലേക്ക് വഴുതിപ്പോകുന്ന ഒരു പേപ്പര്‍ മില്‍ മാനേജറെക്കുറിച്ചുള്ള രസകരമായ ബ്ലാക്ക് കോമഡി ത്രില്ലറാണ്. ഡൊണാള്‍ഡ് വെസ്റ്റ്ലേക്കിന്റെ ദി ആക്‌സ് എന്ന നോവലിന്റെ രണ്ടാമത്തെ ചലച്ചിത്രാവിഷ്‌കാരമാണിത്. ചിത്രം 82-ാമത് വെനിസ് മേളയില്‍ ആദ്യ ലോക പ്രദര്‍ശനം നടത്തി പ്രശംസ നേടുകയുണ്ടായി. തുടര്‍ന്ന് 30-ാമത് ബുസാന്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രവും 98-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ദക്ഷിണ കൊറിയയുടെ എന്‍ട്രിയുമായിരുന്നു ഈ ചലച്ചിത്രം.


യാര്‍ഗോസ് ലാന്തിമോസ് സംവിധാനം ചെയ്ത ബുഗോണിയ, 2003-ല്‍ പുറത്തുവന്ന സേവ് ദി ഗ്രീന്‍ പ്ലാനറ്റ് എന്ന ദക്ഷിണ കൊറിയന്‍ ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് ആണ്. 2025-ല്‍ പുറത്തിറങ്ങിയ ചിത്രം ഗൂഢാലോചന സിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന രണ്ടു യുവാക്കള്‍ ഒരു പ്രധാന കമ്പനി സീ ഈ ഓയെ, അവര്‍ ഭൂമി നശിപ്പിക്കാന്‍ ശ്രമിക്കുന്ന അന്യഗ്രഹ ജീവിയാണെന്ന് ആരോപിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുള്ള വികാസങ്ങളുടെയും കഥ പറയുന്നു. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ചിത്രം യൂറോപ്പ്യന്‍ ചലച്ചിത്ര പുരസ്‌കാരം, ഗോതാം പുരസ്‌കാരം, വെനീസ് ഗ്രീന്‍ ഡ്രോപ്പ് പുരസ്‌കാരം എന്നിവ നേടുകയും, മോണ് ട് ക്ലെയര്‍, സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടിങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.


2025-ലെ കാന്‍ മേളയില്‍ മികച്ച സംവിധായകന്‍, മികച്ച നടന്‍, ഫിപ്രസി പുരസ്‌കാരം, ആര്‍ട്ട് ഹൗസ് സിനിമ അവാര്‍ഡ് എന്നിവ നേടിയ ദി സീക്രെട്ട് ഏജന്റ് 1977-ലെ ബ്രസീലിലെ സൈനിക ഭരണകാലത്ത് നടക്കുന്ന ഒരു രാഷ്ട്രീയ ത്രില്ലര്‍ കഥയാണ്. സര്‍ക്കാര്‍ പിടികൂടാനെത്തുമ്പോള്‍ ഒളിവില്‍പോയ ആര്‍മാണ്ടോ തന്റെ മകനെ കാണാന്‍ റിസിഫെയിലേക്ക് മടങ്ങുകയും രാജ്യം വിടുന്നതിനായി ശ്രമിക്കുന്നതുമാണ് കഥ.


മേരി ബോണ്‍സ്‌റ്റൈന്‍ സംവിധാനം ചെയ്ത ഇഫ് ഐ ഹാഡ് ലെഗ്സ് ഐ'ഡ് കിക്ക് യു, ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ദീര്‍ഘകാല രോഗിയായ മകളെ പരിപാലിക്കുന്ന ലിന്‍ഡ ഒരു ശോചനീയമായ മോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയാകുമ്പോള്‍ മാനസികമായി തളരുന്നതാണ് പ്രമേയം. ചിത്രം ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ലീഡിംഗ് പെര്‍ഫോര്‍മന്‍സിനുള്ള സില്‍വര്‍ ബെയര്‍, എന്‍ബിആര്‍, എന്‍വൈഎഫ്സിസി എന്നിവയില്‍ മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ നേടി.


ഫാദര്‍ മദര്‍ സിസ്റ്റര്‍ ബ്രദര്‍ എന്ന ചിത്രം ജിം ജാര്‍മുഷ് രചന സംവിധാനം നിര്‍വഹിച്ച കോമഡി ഡ്രാമയാണ്. കുടുംബബന്ധം തകരാറിലായ സഹോദരങ്ങള്‍ തങ്ങളുടെ മാതാപിതാക്കളുമായുള്ള അകലത്തെ മനസിലാക്കുകയും ഒത്തുതീര്‍പ്പിലെത്തുവാന്‍ ശ്രമിക്കുന്നതുമാണ് കഥ. ഈ ചിത്രം 2025-ലെ വെനീസ് ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ലയണും ഗോതാം ഇന്‍ഡിപെന്‍ഡന്റ് ഫിലിം അവാര്‍ഡ്‌സിനും എല്‍ഗൗന ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡിനും നാമനിര്‍ദേശവും നേടി.


ഹസന്‍ ഹാദി സംവിധാനം ചെയ്ത ദി പ്രസിഡന്റ്‌സ് കേക്ക് ഒരു അറബിക് ചിത്രമാണ്. 1990-കളിലെ ഇറാഖ് പശ്ചാത്തലമാക്കികൊണ്ട് ലാമിയ എന്ന ഒന്‍പതു വയസ്സുകാരി പ്രസിഡന്റിന്റെ ജന്മദിന കേക്ക് തയ്യാറാക്കുന്നതാണ് കഥ. ഈ ചിത്രം കാനിലെ ഗോള്‍ഡന്‍ ക്യാമറ, ഡയറക്ടേഴ്സ് ഫോര്‍ട്ട്‌നൈറ്റ് ഓഡിയന്‍സ് അവാര്‍ഡ് എന്നിവയുള്‍പ്പെടെ 11 അവാര്‍ഡുകളും 10 അന്താരാഷ്ട്ര നാമനിര്‍ദ്ദേശങ്ങളും നേടി.


ഡാഗ് ജോഹന്‍ ഹൗഗെറുഡ് എഴുതി സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രമാണ് ഡ്രീംസ് (സെക്‌സ്, ലവ്). 2025 ഫെബ്രുവരിയില്‍ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തിന്റെ മുഖ്യ മത്സരവിഭാഗത്തില്‍ അന്താരാഷ്ട്ര പ്രദര്‍ശനം നടത്തി ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം നേടി.


ഒലിവര്‍ ലാക്‌സ് സംവിധാനം ചെയ്ത ചിത്രമാണ് സിറാത്. കാണാതായ മകളെ ആഫ്രിക്കയില്‍ തിരയുന്ന ഒരു പിതാവിനെയും കൂടെ പോകുന്ന മകനെയും ചുറ്റിപ്പറ്റിയാണ് കഥ. ഇന്റര്‍നാഷണല്‍ സിനിമാറ്റോഗ്രാഫേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ ബ്രോണ്‍സ് ക്യാമറ 300 അവാര്‍ഡ് നേടി. കാന്‍ ചലച്ചിത്രോത്സവത്തില്‍ ജുറി പ്രൈസും ലഭിച്ചു. ചിക്കാഗോ, ഡെന്‍വര്‍ ചലച്ചിത്രോത്സവങ്ങളില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി.


ഒരു അഭയകേന്ദ്രത്തില്‍ താമസിക്കുന്ന അഞ്ചു യുവതികളുടെ ജീവിതം പറയുന്ന ചിത്രമാണ് യങ് മദേഴ്സ്. ലൂക്കും ജീന്‍-പിയര്‍ ഡാര്‍ഡെനും ചേര്‍ന്ന് സംവിധാനം ചെയ്തതാണ് ചിത്രം. 2025-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. പാം ദോറിനും നാമനിര്‍ദേശം ചെയ്തിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home