ബ്രിട്ടീഷ് വൈസ്രോയിമാരുടെ പേരിനൊപ്പമുള്ള 'പ്രഭു' നീക്കം ചെയ്യണം; ബിജെപിയുടെ പുതിയ 'പേരുമാറ്റ സമരം'

ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന വിഷയമായ 'പേരുമാറ്റ ചടങ്ങുകൾ' ഒന്നൊന്നായി പരിഹരിച്ച് മുന്നേറുന്നതിനിടെ, ഇതാ ബിജെപിക്ക് മറ്റൊരു നിർണ്ണായക ദൗത്യം കൂടി. ബ്രിട്ടീഷ് വൈസ്രോയിമാരുടെ പേരുകൾക്കൊപ്പം ചേർത്തിരുന്ന 'പ്രഭു' (ലോർഡ്) എന്ന തലക്കെട്ട് പാഠപുസ്തകങ്ങളിൽ നിന്നും ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി എംപി രംഗത്ത്. ബിജെപി നേതാവായ സുജീത് കുമാറാണ് ഈ ആവശ്യവുമായി എത്തിയത്.
8, 12 ക്ലാസുകളിലെ എൻസിഇആർടി ചരിത്ര പാഠപുസ്തകങ്ങളിൽ ലോർഡ് കഴ്‌സൺ, ലോർഡ് മൗണ്ട് ബാറ്റൺ, ലോർഡ് ഡൽഹൗസി, ലോർഡ് ലൈറ്റൺ എന്നിവരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് സുജീത് കുമാർ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ഈ രീതി "കൊളോണിയൽ മാനസികാവസ്ഥ" നിലനിർത്തുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും, 11 വർഷമായി ഭരിക്കുന്ന പാർടിയായിട്ടും രാജ്യത്തിന്റെ ചരിത്രപരമായ പ്രതിസന്ധികളെല്ലാം മാറ്റിവെച്ച്, മുൻ ഭരണാധികാരികളുടെ പദവികൾക്കുമേൽ 'സർജിക്കൽ സ്ട്രൈക്ക്' നടത്താൻ കാണിക്കുന്ന ഈ ശുഷ്‌കാന്തി പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണപരമായ കാലതാമസം തുടങ്ങിയ കാര്യങ്ങളേക്കാൾ, രാജ്യത്തെ യഥാർത്ഥ കൊളോണിയൽ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ഈ 'പേരുമാറ്റ സമരം' ചരിത്രത്തിൽ ഇടം നേടുമായിരിക്കും.
രാജ്യത്തിന്റെ വികസന ദിശ നിർണ്ണയിക്കുന്നതിൽ, ലോർഡ് കഴ്സൺ എന്നെഴുതുന്നതിനേക്കാൾ കഴ്സൺ എന്ന് മാത്രം എഴുതുന്നതിനാണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് എംപി. സിനിമയിലെ കഥാപാത്രങ്ങളുടെ പേരുകൾ പോലും മാറ്റുന്നതിലൂടെ അത് വ്യക്തമാവുകയാണ്.








0 comments