ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് 'മാർക്കോ'

marco
വെബ് ഡെസ്ക്

Published on Dec 05, 2025, 07:44 PM | 2 min read

കൊച്ചി: ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രമാണ് ഇടംപിടിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമാണ സംരംഭമായ 'മാർക്കോ' ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ മലയാള ചിത്രം.


'മാർക്കോ'യ്ക്ക് പുറമേ ഗൂഗിളിന്‍റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സയ്യാര'യാണ്. 'കാന്താര' രണ്ടാം സ്ഥാനത്തും 'കൂലി' മൂന്നാം സ്ഥാനത്തും ആണ്. 'വാര്‍ 2' , 'സനം തേരി കസം' എന്നിവയാണ് മറ്റു ചിത്രങ്ങൾ. 'മാർക്കോ' ആറാം സ്ഥാനത്താണ്. 'ഹൗസ്‌ഫുള്‍ 5' , 'ഗെയിം ചേഞ്ചര്‍', 'മിസിസ്', 'മഹാവതാര്‍ നരസിംഹ' എന്നിവയാണ് മറ്റു ചിത്രങ്ങൾ.


അടുത്തിടെ കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിഫെസ്റ്റിവലിൽ(ബിഫാൻ) 'മാർക്കോ'യുടെ ഇന്‍റർനാഷണൽ പ്രീമിയർ നടന്നിരുന്നു. സൈമ അവാർഡ്സിൽ മികച്ച നവാഗത നിർമാതാവിനുള്ള പുരസ്കാരം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഷരീഫ് മുഹമ്മദിന് ലഭിച്ചിരുന്നു. മലയാളത്തിന് ലോകസിനിമയ്ക്ക് മുന്നിലേക്ക് അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്നൊരു ചിത്രമാണ് ആദ്യ നിർമാണ സംരംഭത്തിലൂടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ് മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.


തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റർ റിലീസിന് ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.


5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റിയിലുള്ള ആത്മവിശ്വാസത്തോടെ നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിച്ച് ശ്രദ്ധ നേടുകയുമുണ്ടായി ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയ്ക്ക് ആവേശകരമായ പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്. ലോകോത്തര നിലവാരത്തിലാണ് ചിത്രം സംവിധായകൻ ഹനീഫ് അദേനിയും നിർമാതാവ് ഷെരീഫ് മുഹമ്മദും ഒരുക്കിയത്. ലോകം മുഴുവനും വലിയ സ്വീകരണവും ചിത്രത്തിന് ലഭിക്കുകയുണ്ടായി.


പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ഉണ്ണിയുടേയും ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയുടെ ഹൈലൈറ്റാണ്. അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമാണ് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റൺ ചിത്രത്തിൽ ഒരുക്കിയിട്ടുള്ളത്. ഉണ്ണി മുകുന്ദനേയും ജഗദീഷിനേയും കൂടാതെ സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്.


ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home