ad
Deshabhimani

വിവാദ പ്രസംഗങ്ങൾ: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ വീണ്ടും സുപ്രീംകോടതിയിൽ ഹർജി

Assam.jpg
വെബ് ഡെസ്ക്

Published on Feb 12, 2026, 12:42 PM | 1 min read

ന്യൂഡൽഹി: മുസ്ലീം ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ച് വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ സമർപ്പിക്കപ്പെട്ട മറ്റൊരു ഹർജി കൂടി പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ബുധനാഴ്ച സമ്മതിച്ചത്.


വിരമിച്ച പ്രൊഫസർ ഹിരേൻ ഗോഹെയ്ൻ, മുൻ അസം ഡിജിപി ഹരേകൃഷ്ണ ദേക, മുതിർന്ന മാധ്യമപ്രവർത്തകൻ പരേഷ് ചന്ദ്ര മലകർ, മുതിർന്ന അഭിഭാഷകൻ ശന്തനു ബോർത്താക്കൂർ എന്നിവർ ചേർന്നാണ് പുതിയ ഹർജി സമർപ്പിച്ചത്.


ഹിമന്ത ബിശ്വ ശർമ്മ തന്റെ പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ ഇടപെടലുകളിലൂടെയും ബംഗാളി വംശജരായ മുസ്ലീങ്ങൾക്കെതിരെ വിവേചനത്തിനും സാമൂഹിക-സാമ്പത്തിക ബഹിഷ്കരണത്തിനും ആഹ്വാനം ചെയ്യുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


നേരത്തെ, സിപിഐ എം നേതാവ് ആനി രാജ സമർപ്പിച്ച സമാനമായ ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. തോക്കേന്തി നിൽക്കുന്ന മുഖ്യമന്ത്രിയുടെ വിവാദ വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു ഇടത് പാർട്ടികളുടെ ഹർജി.


പുതിയ ഹർജിയും ഇതിനൊപ്പം ചേർത്ത് പരിഗണിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക രൂപാളി സാമുവൽ ആവശ്യപ്പെട്ടു. അസമിലെ മുസ്ലീം വിഭാഗത്തെ 'മിയ', 'ബംഗ്ലാദേശി' എന്നിങ്ങനെയുള്ള അവഹേളനപരമായ പദങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി ആക്ഷേപിക്കുന്നുവെന്നും മതത്തിന്റെയും ഭാഷയുടെയും പേരിൽ ശത്രുത വളർത്താൻ ശ്രമിക്കുന്നുവെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home