ഓൺലൈൻ ഗെയിമിംഗ് നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിക്കും; കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട, ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. സോഷ്യൽ, ഇ-സ്പോർട്സ് ഗെയിമുകളുടെ മറവിൽ പ്രവർത്തിക്കുന്ന ചൂതാട്ട പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
ജസ്റ്റിസുമാരായ ജെബി പർദിവാലയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് ഹർജിയിൽ പ്രതികരണം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. ഇത്തരം ആപ്പുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഹർജി സമർപ്പിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിരാഗ് ഗുപ്ത പറഞ്ഞു.
ഏകദേശം 2,000-ത്തോളം ചൂതാട്ട, ബെറ്റിംഗ് ആപ്പുകളുടെ വിശദാംശങ്ങൾ മുമ്പ് കേന്ദ്രസർക്കാരുമായി പങ്കുവെച്ചിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ബെറ്റിംഗും ചൂതാട്ടവും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, 65 കോടിയിലധികം ആളുകൾ ഈ കളികളിൽ ഏർപ്പെടുന്നുണ്ടെന്നും, ഇതുവഴി ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ഇന്ത്യയിൽ പ്രതിവർഷം 1.8 ലക്ഷം കോടിയിലധികം രൂപയുടെ ബിസിനസാണ് ലഭിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
നിയമവിരുദ്ധമായ എല്ലാ ബെറ്റിംഗ്, ചൂതാട്ട പ്ലാറ്റ്‌ഫോമുകൾക്കെതിരെയും ഐടി നിയമത്തിലെ സെക്ഷൻ 69എ പ്രകാരം ബ്ലോക്കിംഗ് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഓൺലൈൻ ചൂതാട്ടത്തിനും ബെറ്റിംഗ് ഗെയിമുകൾക്കും നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രാലയങ്ങൾക്ക് (ഇലക്ട്രോണിക്സ് & ഐടി, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, ഫിനാൻസ്, യുവജനകാര്യം & സ്പോർട്സ്) നിർദ്ദേശം നൽകണമെന്നും ഹർജി ആവശ്യപ്പെടുന്നു.










0 comments