print edition ‘യുപി സർക്കാരിന് കൊളോണിയൽ രീതി’ ; രൂക്ഷവിമർശവുമായി സുപ്രീംകോടതി

ന്യൂഡൽഹി
ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് ‘എക്‌സ് ഒഫീഷ്യോ പദവി’കൾ നൽകുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ രീതിയെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. കൊളോണിയൽ ചിന്താഗതിയാണ് യുപി സർക്കാരിനെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവർ വിമർശിച്ചു.
സഹകരണ സംഘങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, കളക്‌ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതിനെതിരെയാണ് പരാമര്‍ശം. സർക്കാർ നിയന്ത്രണത്തിലുള്ള ബുലന്ദ്‌ഷഹറിലെ വനിത സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റായി കളക്‌ടറുടെ ഭാര്യയെ അവരോധിച്ചത് ചോദ്യംചെയ്‌തുള്ള ഹർജിയാണ് പരിഗണിച്ചത്. 1860ലെ രജിസ്‌ട്രേഷൻ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ രണ്ടുമാസത്തിനകം യുപി സർക്കാർ ഭേദഗതി ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥരുടെ ഭാര്യമാർ ഇത്തരത്തിൽ ഒരു സ്ഥാപനത്തിന്റെയും തലപ്പത്ത് വരുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന എല്ലാ ഗ്രൂപ്പുകൾക്കും സംഘടനകൾക്കുമായി മാതൃകാചട്ടം പുറത്തിറക്കണം. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്ന് ഉറപ്പാക്കണം– കോടതി പറഞ്ഞു.









0 comments