ഡൽഹിയിലെ വായുമലിനീകരണം; കൽക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങൾ മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം

ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൽക്കരി ഉപയോഗിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മലിനീകരണ നിയന്ത്രണത്തിനായുള്ള സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിൽ പുതിയ കൽക്കരി താപനിലയങ്ങൾ സ്ഥാപിക്കരുതെന്ന നിർദ്ദേശത്തിൽ പരിസ്ഥിതി, പെട്രോളിയം, ഊർജ്ജ മന്ത്രാലയങ്ങളോടാണ് കോടതി മറുപടി ആവശ്യപ്പെട്ടത്.
കൽക്കരിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ഇന്ധനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയങ്ങളോട് കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർനടപടി പ്ലാൻ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുകയും നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാർച്ച് 12-ന് കോടതി വീണ്ടും വാദം കേൾക്കും. വായുനിലവാര പരിപാലന കമ്മീഷൻ ശുപാർശ ചെയ്ത ദീർഘകാല പരിഹാരങ്ങൾ നടപ്പിലാക്കാൻ ഡൽഹി സർക്കാരിനോട് പ്രത്യേക കർമ്മപദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് കോടതി.










0 comments