കൃഷിനാശത്തിന്‍റെ പേരില്‍ ആനത്താരകളിൽ തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ആനകളുടെ സ്വാഭാവിക സഞ്ചാരപാതയായ ആനത്താരകളിൽ തടസ്സം സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആനത്താരകളെ കുറിച്ച് രാജ്യവ്യാപകമായി പുതിയ സർവേ നടത്താനും വന്യജീവികളുടെ സഞ്ചാരത്തിലുണ്ടാകുന്ന തടസങ്ങൾ തടയുന്നതിന് നടപടികൾ കൈക്കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആനത്താരകളിലെ തടസ്സങ്ങൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ആനകളെ തുരത്താനായി വെടിവെയപ്പുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്നവരാണ്. അവരുടെ സ്വാഭാവിക പാതയിൽ തടസ്സമുണ്ടാക്കരുത്. വിളനാശം പോലുള്ള ചൂണ്ടിക്കാട്ടി സഞ്ചാരപാതയിൽ തടസ്സമുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. തദ്ദേശീയമായ പ്രശ്നങ്ങൾ കാരണം വന്യജീവി സംരക്ഷണം അവഗണിക്കാനാകില്ല, കോടതി വ്യക്തമാക്കി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ആനത്താരകൾ പ്രാദേശിക കാരണങ്ങളാൽ തടസപ്പെടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്താണ് ആനത്താരകൾ?
ഒരു വനമേഖലയിൽ നിന്ന് മറ്റൊരു വനമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി സഞ്ചരിക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന സ്വാഭാവിക പാതകളാണ് ആനത്താരകൾ അഥവാ എലിഫന്റ് കോറിഡോറുകൾ. കാടുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന പാതകളാണിവ.










0 comments