ad
Deshabhimani

ബിഹാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; 7 പേർക്ക് ദാരുണാന്ത്യം

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ  Image Credit: PTI

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ Image Credit: PTI

വെബ് ഡെസ്ക്

Published on Aug 17, 2026, 06:15 PM | 1 min read

പട്ന: ബിഹാറിലെ ലഖിസരായിലുള്ള അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ ചിലരെ പട്നയിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.


ശിവക്ഷേത്രത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതാണ് അപകടകാരണം. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ജലാഭിഷേകം നടത്താനായി അരലക്ഷത്തിലധികം ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. ജനത്തിരക്ക് മുൻകൂട്ടി കണ്ട് ജില്ലാ ഭരണകൂടം ക്രമീകരണങ്ങൾ ചെയ്തെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ക്ഷേത്രത്തിലേക്ക് എത്തിയെന്ന് അധികൃതർ പറഞ്ഞു.


രാവിലെ 6.30ന് എത്തിയ രണ്ട് ട്രെയിനുകളിൽ നിന്നായി നിരവധി ആളുകളാണ് ഒരേസമയം ക്ഷേത്രത്തിലേക്ക് എത്തിയത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ക്ഷേത്രത്തിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. നിയന്ത്രണതീതമായ തിരക്കിൽ ബാരിക്കേഡുകൾ തകരുകയും ആളുകൾ നിലത്തേക്ക് വീഴുകയുമായിരുന്നു. കൂടാതെ സമീപത്ത് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ആളുകൾക്ക് വൈദ്യുതാഘാതമേറ്റെന്ന വ്യാജവാർത്ത പടർന്നതും പരിഭ്രാന്തിയും തിരക്കും വർധിക്കാൻ കാരണമായതായി റിപ്പോർട്ടുണ്ട്.


അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ മുംഗർ ഡിവിഷണൽ കമ്മീഷണർ പ്രേം സിംഗ് മീനയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഭരണകൂടത്തിന് നിർദ്ദേശം നൽകി.









Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home