ad
Deshabhimani

ട്രോമ കെയർ ചികിത്സ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗം: സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on May 29, 2026, 08:01 AM | 1 min read

ന്യൂഡൽഹി: അപകടങ്ങളിൽപ്പെടുന്ന പൗരന്മാർക്ക് അടിയന്തര ട്രോമ കെയർ ചികിത്സ ലഭ്യമാക്കുക എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി.


റോഡപകടങ്ങളിലും മറ്റും പെടുന്നവർക്ക് ഉടനടി വൈദ്യസഹായം ഉറപ്പാക്കുന്നതിനായി രാജ്യവ്യാപകമായി ഏകീകൃത അടിയന്തര വൈദ്യസഹായ സംവിധാനം രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.


അപകടം സംഭവിച്ച ഉടൻ തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തത് മരണനിരക്ക് വർദ്ധിക്കാൻ കാരണമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു. അടിയന്തര ഘട്ടങ്ങളിൽ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും കൃത്യസമയത്തുള്ള ഇടപെടൽ ജീവൻ രക്ഷിക്കാൻ അത്യന്താപേക്ഷിതമാണെന്നും കോടതി വ്യക്തമാക്കി.


'സേവ് ലൈഫ് ഫൗണ്ടേഷൻ' സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വിധി. നിലവിലുള്ള എല്ലാ അടിയന്തര/ആംബുലൻസ് ഹെൽപ്പ് ലൈൻ നമ്പറുകളും (100, 101, 102, 108, 1033, 1091 തുടങ്ങിയവ) മൂന്ന് മാസത്തിനകം '112' എന്ന ഒറ്റ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് പൂർണ്ണമായും സംയോജിപ്പിക്കണം.


റോഡപകട ഇരകൾക്കായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സൗജന്യ ചികിത്സാ പദ്ധതിയായ 'പിഎം രാഹത്' പദ്ധതി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തരമായി നടപ്പിലാക്കണം. അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ മുന്നോട്ടുവരുന്ന പൊതുജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കണം.


ഇവർ നേരിടുന്ന പരാതികൾ പരിഹരിക്കാൻ സംസ്ഥാന-ജില്ലാ തലങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിച്ച് പ്രത്യേക പരിഹാര സെല്ലുകൾ രൂപീകരിക്കണം. രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ ആംബുലൻസുകളിലും നിർബന്ധമായും ജിപിഎസ് സംവിധാനം ഏർപ്പെടുത്തുകയും ദേശീയ ആംബുലൻസ് കോഡ് പാലിക്കുകയും വേണം.


ഇവ 112 ഹെൽപ്പ് ലൈനുമായി ബന്ധിപ്പിക്കണം. അപകട കേസുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം എട്ട് ആഴ്ചയ്ക്കുള്ളിൽ ട്രോമ രജിസ്ട്രിക്കുള്ള മാർഗ്ഗരേഖ പുറപ്പെടുവിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ട്രോമ രജിസ്ട്രികൾ സ്ഥാപിക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home