ad
Deshabhimani

കർഷക സമരത്തിൽ പങ്കെടുത്ത മുത്തശ്ശിയെ അപമാനിച്ച കേസ്; കങ്കണ റാവത്തിന്റെ വിടുതൽ ഹർജി തള്ളി

kankana raut
വെബ് ഡെസ്ക്

Published on Sep 12, 2025, 01:14 PM | 2 min read

ന്യൂഡൽഹി: 2021-ലെ കർഷക സമരത്തിൽ പങ്കെടുത്ത 87 കാരിക്കെതിരെ പ്രചരിപ്പിച്ച അപമാനകരമായ ട്വീറ്റിനെതിരായി ചുമത്തിയ ക്രിമിനൽ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.


അത് ലളിതമായ ഒരു റീ-ട്വീറ്റ് ആയിരുന്നില്ല. മാത്രമല്ല അതിൽ എരിവ് പകരാൻ നിങ്ങളുടെ സ്വന്തം അഭിപ്രായങ്ങൾ ചേർത്തു.  എന്ന് ജസ്റ്റിസ് മേത്ത നിരീക്ഷിച്ചു. ഇതിന് തുടർച്ചയായി കങ്കണ റാവത്ത് ഹർജി പിൻവലിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലും സമാനമായ ഹർജി നൽകിയിരുന്നെങ്കിലും തിരിച്ചടി നേരിട്ടു. ഇതേ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.


2021-ൽ കർഷക സമരത്തിൽ പങ്കെടുത്ത ബട്ടിൻഡയിലെ ബഹാദൗർഗഡ് ജാൻഡിയൻ ഗ്രാമത്തിൽ നിന്നുള്ള 87 വയസ്സുള്ള കർഷക മൊഹീന്ദർ കൗറിനെക്കുറിച്ചാണ് കങ്കണ ട്വീറ്റ് ചെയ്തത്. നൂറു രൂപ പ്രതിഫലത്തിനും റാലിയിൽ പങ്കെടുക്കുന്നവർ ഉണ്ടെന്ന് അവർ ട്വീറ്റിൽ പരിഹസിച്ചു. അവർ സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനെയും പരാമർശിച്ചു. ഇതിനെതിരെ മൊഹീന്ദർ കൗർ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.


ഒരു അഭിഭാഷകന്റെ പോസ്റ്റ് താൻ റീ ട്വീറ്റ് ചെയ്തതെന്ന് കങ്കണ അവകാശപ്പെട്ടു. ഹൈക്കോടതിയും ഇപ്പോൾ സുപ്രീം കോടതിയും ഈ അവകാശവാദത്തെ അംഗീകരിച്ചില്ല.


"ഹഹഹ, ഇന്ത്യയിലെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാളായി ടൈം മാഗസിനിൽ പ്രത്യക്ഷപ്പെട്ട അതേ മുത്തശ്ശിയാണിത്. അവർ 100 രൂപയ്ക്ക് ലഭ്യമാണ്. പാകിസ്ഥാൻ പത്രപ്രവർത്തകൻ ഇന്ത്യയുടെ അന്താരാഷ്ട്ര പിആർ ഹൈജാക്ക് ചെയ്തു. എന്തൊരു ലജ്ജാകരമായ പാത. അന്താരാഷ്ട്രതലത്തിൽ ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾക്ക് സ്വന്തം ആളുകൾ വേണം." എന്നായിരുന്നു ട്വീറ്റ്.


kankana tweet


ഡൽഹി അതിർത്തിയിൽ നടന്ന കർഷക സമരത്തിന്റെ മുഖമായിരുന്നു മുത്തശ്ശിമാരായ മൊഹീന്ദർ കൗറും ജംഗീർ കൗറും. ടൈം മാഗസിൻ പോലുള്ള വിദേശ മാധ്യമങ്ങൾ വരെ ഇവരെ കുറിച്ചുള്ള വാർത്തയും ചിത്രങ്ങളും പ്രസിധീകരിച്ചു.


അപമാനിച്ചത് കർഷക സമരത്തിന്റെ മുഖമായവരെ


പഞ്ചാബിലെ ബതീന്ദാ ജില്ലക്കാരിയാണ് മൊഹീന്ദര്‍ കൗർ. ബഹാദൗർഗഡ് ജാൻഡിയ ഗ്രാമത്തില്‍ 12 ഏക്കറോളം ഭൂമി സ്വന്തമായിട്ടുള്ള കുടുംബമാണ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ഈ മുത്തശ്ശിയെന്ന കങ്കണയുടെ ആരോപണത്തിന് ട്വീറ്റിലൂടെ തന്നെ മൊഹീന്ദര്‍ മറുപടി നല്കിയിരുന്നു. തന്റെ കുടുംബത്തില്‍ ആവശ്യത്തിന് പണമുണ്ടെന്നും പണത്തിന് വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും വേണമെങ്കില്‍ അങ്ങോട്ട് സംഭാവന തന്നേക്കാം എന്നുമായിരുന്നു കങ്കണയ്ക്ക് മൊഹീന്ദര്‍ നല്കിയ മറുപടി.


moheendar kaur


കാലങ്ങളായി കൃഷി ചെയ്യുന്നവരാണ് തങ്ങളെന്നും, ഇപ്പോഴും പഴങ്ങളും പച്ചക്കറികളും വീട്ടു വളപ്പില്‍ നട്ടു വളർത്തുന്നുണ്ടെന്നും മൊഹീന്ദര്‍ പറഞ്ഞു. ഭർത്താവ് ലാവ്പാൽ സിംഗിനൊപ്പം സെപ്തംബറില്‍ ബാദല്‍ ഗ്രാമത്തില്‍ നടന്ന പ്രതിഷേധത്തിലും മൊഹീന്ദർ പങ്കെടുത്തിരുന്നു‍. ഡൽഹിയിലെ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ആകാംഷയോടെ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.


ബർണാലാ ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്നുള്ളയാളായിരുന്നു കർഷക സമരത്തിലെ മറ്റൊരു മുത്തശ്ശിയായ ജംഗീര്‍ കൗര്‍. ഇവരുടെ മകന് ഒരേക്കര്‍ കൃഷിഭൂമിയാണ് ഉള്ളത്. തന്റെ മക്കള്‍ മണ്ണിനും അവകാശത്തിനും വേണ്ടി പോരാടുമ്പോള്‍ ഭൂമിക്ക് വേണ്ടി അവനൊപ്പം നില്ക്കാ ന്‍ ആഗ്രഹിക്കുന്നതിനാലാണ് സമരത്തിനെത്തിയത് എന്നും ഞങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നത് വരെ പൊരുതുമെന്നും അതിനായി മണ്ണു നഷ്ടമായാല്‍ പോലും ഭയമില്ലെന്നും ജംഗീര്‍ കൗര്‍ പറഞ്ഞിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home