ad
Deshabhimani

കേസ് ഫയൽ കാണാതായി; സുപ്രീം കോടതി രജിസ്ട്രിക്കെതിരെ അതൃപ്തി പ്രകടമാക്കി ചീഫ് ജസ്റ്റീസ്, അന്വേഷണത്തിന് നിര്‍ദ്ദേശം

Supreme Court of India
വെബ് ഡെസ്ക്

Published on Jun 18, 2026, 11:01 AM | 2 min read

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഭരണവിഭാഗമായ രജിസ്ട്രിയുടെ പ്രവർത്തനങ്ങളിൽ വീണ്ടും അതൃപ്തി പരസ്യമാക്കി ചീഫ് ജസ്റ്റീസ്. അടിയന്തര പ്രധാന്യമുള്ള കേസ് ഫയൽ കാണാതായ സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് വി മോഹനയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.


പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ രജിസ്ട്രി മുക്കിയെന്ന അഭിഭാഷക സുഭി ശിവാനി അഹമ്മദിന്റെ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ജൂൺ 8-ന് സമർപ്പിച്ച ഹർജി ഇതുവരെയും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ രജിസ്ട്രാറുടെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്നും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു.


"അടിയന്തര പ്രാധാന്യമുള്ള കേസുകളിൽ പോലും സുപ്രീം കോടതി രജിസ്ട്രി ഫയലുകൾ കാണാതാക്കുന്നു എന്നത് അതീവ ഗുരുതരമായ കാര്യമാണ്. കേസ് വെറുതെ ലിസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതുകൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. ഈ അനാസ്ഥയ്ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഇതിൽ ശക്തമായ നടപടിയുണ്ടാകും," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിനിടെ തന്നെ ഇതുമമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ടോ ചേംബറിലോ പരാതി നൽകാൻ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡിനോട് ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തു.


ഇഡി കേസിലെ 'സൂപ്പർ ചീഫ് ജസ്റ്റിസ്'

ചമയലുകളും ആവര്‍ത്തിക്കുന്ന മുന്നറിയിപ്പുകളും


സുപ്രീം കോടതി രജിസ്ട്രിയുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെയും വീഴ്ചകൾക്കെതിരെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെയും പരസ്യ പ്രതികരണങ്ങൾ നടത്തേണ്ടി വന്നിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി രജിസ്ട്രിയുടെ പ്രവർത്തനങ്ങളിൽ കോടതി അതൃപ്തിയിലാണ്.


എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെട്ട 37,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചിട്ടില്ലെന്ന് പരാതി ഉയര്‍ന്നു. രജിസ്ട്രി ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് നടത്തിയ ഈ നീക്കത്തിൽ ചീഫ് ജസ്റ്റിസ് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. രജിസ്ട്രിയിലെ ചില ഉദ്യോഗസ്ഥർ തങ്ങളെത്തന്നെ "സൂപ്പർ ചീഫ് ജസ്റ്റിസ്" ആയി ഭാവിക്കുകയാണെന്നും അവരുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും അന്ന് കോടതി പരസ്യമായി കുറ്റപ്പെടുത്തി.


2025 ഫെബ്രുവരിയിൽ ഒരു പൊതുതാത്പര്യ ഹർജി വീണ്ടും കോടതിക്ക് മുന്നിൽ വരാൻ ഒരു വർഷത്തിലധികം കാലതാമസം വരുത്തിയ സംഭവം ഉണ്ടായി. ഇതിലും രജിസ്ട്രാറോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയിരുന്നു.


ഭരണഘടനയുടെ ആർട്ടിക്കിൾ 146 അനുസരിച്ച്, ചീഫ് ജസ്റ്റിസിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സെക്രട്ടറി ജനറലിന് കീഴിലാണ് രജിസ്ട്രി പ്രവർത്തിക്കുന്നത്. കേസ് ഫയലുകൾ കൈകാര്യം ചെയ്യുക, ലിസ്റ്റിംഗ് നിശ്ചയിക്കുക എന്നിവയാണ് ഇവരുടെ ചുമതല. എന്നാൽ, രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ സുപ്രീം കോടതിയെക്കാൾ മുകളിലാണ് തങ്ങളെന്ന രീതിയിലാണ് പെരുമാറുന്നതെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. "ജഡ്ജിമാർ താൽക്കാലികമായി വന്നുപോകുന്നവരാണെന്നും തങ്ങൾ 20 വർഷത്തോളം ഇവിടെ സ്ഥിരമായിരിക്കേണ്ടവരാണെന്നുമാണ് രജിസ്ട്രി ഉദ്യോഗസ്ഥരുടെ വിചാരം. അതുകൊണ്ട് കാര്യങ്ങൾ അവരുടെ ഇഷ്ടപ്പടി നടത്താമെന്ന് അവർ കരുതുന്നു," എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ അന്നത്തെ വിമർശനം.


തന്റെ ഭരണകാലയളവിൽ രജിസ്ട്രിയിൽ സമഗ്രമായ ഭരണപരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും, അതിന് കഴിഞ്ഞില്ലെങ്കിൽ തന്റെ കർത്തവ്യത്തിൽ പരാജയപ്പെട്ടതായി കരുതുമെന്നും കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.



എന്താണ് സുപ്രീം കോടതി രജിസ്ട്രി


ഭരണഘടനയുടെ ആർട്ടിക്കിൾ 146 അനുസരിച്ചാണ് സുപ്രീം കോടതി രജിസ്ട്രി പ്രവർത്തിക്കുന്നത്. ഹർജികൾ സ്വീകരിക്കുക, കേസുകൾ ലിസ്റ്റ് ചെയ്യുക, കോടതി രേഖകൾ സൂക്ഷിക്കുക തുടങ്ങിയ ഭരണപരമായ കാര്യങ്ങളാണ് രജിസ്ട്രിയുടെ ചുമതല. ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് ചെയ്യുന്ന സെക്രട്ടറി ജനറലിന്റെ മേൽനോട്ടത്തിലാണ് ഇതിന്റെ പ്രവർത്തനം. രജിസ്ട്രാർമാർ, ഡെപ്യൂട്ടി രജിസ്ട്രാർമാർ തുടങ്ങിയ ഉദ്യോഗസ്ഥരടങ്ങുന്ന വലിയൊരു സ്ഥിരം സംവിധാനമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home