നിശ്ചയം കഴിഞ്ഞു, വിവാഹത്തിന് ഇനി രണ്ടുമാസം; കെഎസ്ആർടിസി ബസ് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മരിച്ച അരുൺകൃഷ്ണൻ, അമരവിളയിൽ കാറിലേക്ക് ബസ് ഇടിച്ചുകയറിയ നിലയിൽ
നെയ്യാറ്റിൻകര: അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവ് മരിച്ചു. കാർ ഒടിച്ച ചായ്ക്കോട്ടുകോണം ഓണംകോട് ആർഎസ് ഭവനിൽ എ എസ് അരുൺ കൃഷ്ണനാ (26)ണ് മരിച്ചത്. അഞ്ചു പേർക്ക് പരിക്കേറ്റു. ബുധൻ രാവിലെ എട്ടിനാണ് അപകടം. വിവാഹത്തിന് രണ്ടുമാസം ശേഷിക്കെയാണ് അരുൺ കൃഷ്ണന്റെ മരണം.
തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോയ അമിതവേഗത്തിലായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിനു സമീപം എതിരെ വന്ന മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിച്ചത്. തുടർന്ന് തൊട്ടടുത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.
ബസ് ഓടിച്ച പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ മൈലച്ചൽ സ്വദേശി ഷിബു (48) ഗുരുതര പരിക്കുകളോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ പൂർണമായും തകർന്നു.
മൂന്നാലുംമൂട് സ്വദേശിയെ മെഡിക്കൽ കോളേജ് ആശുപത്രിൽ കൊണ്ടുപോകാൻ വീട്ടിൽനിന്ന് കാറുമായി വരുംവഴിയാണ് അപകടം. അരുൺ സംഭവസ്ഥലത്ത് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് അരുൺ. ഡിവൈഎഫ്‌ഐ ചായ്ക്കോട്ടുകോണം യൂണിറ്റ് അംഗവുമാണ്.അച്ഛൻ: അജു. അമ്മ: ശ്രീദേവി. സഹോദരി: ആതിരദേവി.









0 comments