തിരിച്ചറിയൽ രേഖകൾ ഉണ്ടായിട്ടും പാക് പൗരൻമാരെന്ന് മുദ്രകുത്തി അറസ്‌റ്റ് ചെയ്‌തെന്ന് കുടുംബം
പാകിസ്ഥാനിലേക്ക് നാടുകടത്തല്‍ ; കുടുംബത്തിന് ഇടക്കാല ആശ്വാസം

ന്യൂഡൽഹി :
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനിലേക്ക് നാടുകടത്തൽ ഭീഷണി നേരിടുന്ന കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് ഇടക്കാല ആശ്വാസവുമായി സുപ്രീംകോടതി. ഭർത്താവും ഭാര്യയും നാല് മക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെ രേഖകൾ പരിശോധിച്ച് പൗരത്വത്തിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.
ആധാർകാർഡും പാൻകാർഡും വോട്ടർ ഐഡി കാർഡും ഉണ്ടായിട്ടും പാക് പൗരൻമാരെന്ന് മുദ്രകുത്തി നാടുകടത്താനാണ് നീക്കമെന്ന് ഹർജിക്കാർ ആരോപിച്ചു. രേഖകൾ പരിശോധിച്ചശേഷവും നാടുകടൽ നടപടി തുടര്‍ന്നാല്‍ ഹർജിക്കാർക്ക് ജമ്മു കശ്‌മീർ ഹൈക്കോടതിയെ സമീപിക്കാം. മറ്റ് കേസുകൾക്ക് ഈ കേസിലെ നിർദേശങ്ങൾ ബാധകമാകില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഹർജിക്കാരിൽ ഒരാൾ ബംഗളൂരുവിലും മറ്റുള്ളവർ ശ്രീനഗറിലുമാണ് കഴിയുന്നത്. കുടുംബത്തിൽ ഒരാൾക്ക് പാകിസ്ഥാനിൽ വേരുണ്ട്. എന്നാൽ, അദ്ദേഹം തന്റെ പാക് പാസ്‌പോർട്ട് ദീർഘകാലം മുമ്പ് മടക്കിയതാണ്. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ തിരിച്ചറിയൽ രേഖകളുമുണ്ട്. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് കുടുംബത്തിലെ എല്ലാവരെയും നാടുകടത്താനായി അറസ്റ്റുചെയ്തെന്നും അഭിഭാഷകന്‍ നന്ദകിഷോർ ചൂണ്ടിക്കാട്ടി.










0 comments