print edition ജുഡീഷ്യറിയിലെ അഴിമതി ‘പഠിപ്പിക്കാന്‍’ എൻസിഇആർടി ; സ്വമേധയാ കേസെടുത്ത് ചീഫ് ജസ്‌റ്റിസ്

ന്യൂഡൽഹി
എൻസിഇആർടിയുടെ എട്ടാം ക്ലാസ് പാഠപുസ്‌തകത്തിൽ രാജ്യത്തെ ജുഡീഷ്യറിയെ അഴിമതിയുടെ നിഴലിൽ നിർത്തുന്ന ഭാഗം ഉൾപ്പെടുത്തി വെട്ടിലായി കേന്ദ്രസർക്കാർ. സാമൂഹ്യശാസ്‌ത്ര പാഠപുസ്‌തകത്തിലാണ് ‘നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ’എന്ന തലക്കെട്ടിൽ അഴിമതി, കേസുകൾ കെട്ടിക്കിടക്കുന്നത്, ജഡ്‌ജിമാരുടെ അപര്യാപ്‌തത തുടങ്ങിയ ഉപശീർഷകങ്ങളുള്ള പാഠഭാഗം ഉൾപ്പെടുത്തിയത്.

ഇതിൽ ശക്തമായ പ്രതിഷേധവുമായി സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് രംഗത്തിറങ്ങി. നിതീന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വമേധയാ കേസെടുക്കാനും ഉത്തരവിട്ടു. മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും പുസ്‌തകത്തിന്റെ പകർപ്പുമായി എത്തി വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
മറ്റ് മേഖലകളൊന്നും പരിഗണിക്കാതെ ജുഡീഷ്യറിയിൽ അഴിമതിയെന്ന നിലയിൽ പാഠഭാഗം കൊണ്ടുവരുന്നത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സിബൽ പറഞ്ഞു. മനഃപൂർവമായുള്ള നീക്കമാണിതെന്നും ജുഡീഷ്യറിയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും ചീഫ് ജസ്‌റ്റിസ് പ്രതികരിച്ചു. ഇത് എന്ത് വിലകൊടുത്തും തടയും. എന്തുചെയ്യണമെന്ന് അറിയാം. സ്വമേധയാ കേസ് എടുക്കാൻ ഉത്തരവ് നൽകിയെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
പുസ്‌തകം പിൻവലിച്ചു
സുപ്രീംകോടതിയുടെ അതിരൂക്ഷ വിമർശത്തിന് കാരണമായ പുസ്‌തകം എൻസിഇആർടി കാമ്പസിലെ വിൽപ്പന കേന്ദ്രങ്ങളിൽനിന്ന് പിൻവലിച്ചു. ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' രണ്ടാംഭാഗം പുസ്‌തകം തിങ്കളാഴ്‌ചയാണ് പുറത്തിറക്കിയത്. ജഡ്‌ജിമാർക്കെതിരെ ലഭിച്ച അഴിമതി പരാതികൾ, എങ്ങനെ പരാതി നൽകാം, ഇംപീച്ച്‌മെന്റ് നടപടി ക്രമങ്ങൾ തുടങ്ങിയവയാണ് പാഠഭാഗത്തിൽ ഉൾപ്പെടുത്തിയത്.










0 comments