ad
Deshabhimani

ആർത്തവാവധി നിർബന്ധമാക്കിയാൽ സ്ത്രീകളെ ആരും ജോലിക്കെടുക്കില്ല; വിചിത്ര പരാമർശവുമായി സുപ്രീംകോടതി

Supreme Court.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 01:36 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആർത്തവാവധി നിർബന്ധമാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കുമെന്ന് സുപ്രീംകോടതി. ആർത്തവാവധി നിർബന്ധമാക്കുന്നത് സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിൽ നിന്ന് തൊഴിലുടമകളെ പിന്തിരിപ്പിക്കാൻ കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നിലവിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചില സ്വകാര്യ കമ്പനികളും ഇത്തരം ഇളവുകൾ നൽകുന്നത് നല്ല കാര്യമാണെന്നും കോടതി പറഞ്ഞു.


ആർത്തവാവധി നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഇത്തരം ആനുകൂല്യങ്ങൾ നിയമപരമായ ബാധ്യതയായി മാറുമ്പോൾ, സ്ത്രീകൾക്ക് തൊഴിൽ നൽകുന്നത് സാമ്പത്തിക ബാധ്യതയായി കമ്പനികൾ കണ്ടേക്കാം.


ഇത് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കോടതിക്ക് നേരിട്ട് നിയമനിർമ്മാണം നടത്താനാവില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഇത് സർക്കാരുകൾ തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന് ഓർമ്മിപ്പിച്ചു. ആർത്തവാവധി നൽകുന്നത് സംബന്ധിച്ച് ഒരു മാതൃകാ നയം രൂപീകരിക്കുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് കോടതി നിർദേശിച്ചു.


സംസ്ഥാന സർക്കാരുകളുമായും മറ്റ് പങ്കാളികളുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാൻ കേന്ദ്രത്തിന് അനുമതി നൽകിക്കൊണ്ട് കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തെയും സമാനമായ ഹർജികൾ വന്നപ്പോൾ കോടതി സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.


ആർത്തവാവധി നിയമപരമായ ബാധ്യതയാക്കി മാറ്റിയാൽ, സ്ത്രീകൾക്ക് പകരം പുരുഷന്മാരെ ജോലിക്ക് എടുക്കാൻ കമ്പനികൾ മുൻഗണന നൽകിയേക്കാം. ഇത് സ്ത്രീകളുടെ കരിയർ വളർച്ചയെയും കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത തൊഴിൽ അവസരങ്ങളെയും പ്രതികൂലമായി ബാധിക്കും.


ആർത്തവാവധി പൊതുവായി വേണമെന്ന വാദം സ്ത്രീകളെ കഴിവ് കുറഞ്ഞവരും പിന്നിൽ നിൽക്കുന്നവരുമായി ചിത്രീകരിക്കാൻ കാരണമായേക്കാം. ഇത് സ്ത്രീകളെക്കുറിച്ചുള്ള സമൂഹത്തിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ കൂടുതൽ ശക്തമാക്കുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home