ad
Deshabhimani

അഹമ്മദാബാദ്‌ വിമാനദുരന്തം ; പൈലറ്റുമാര്‍ക്കെതിരായ പ്രചാരണം ദ‍ൗർഭാഗ്യകരമെന്ന്‌ സുപ്രീംകോടതി

supreme court on Ahmedabad Plane Crash
വെബ് ഡെസ്ക്

Published on Sep 23, 2025, 04:12 AM | 1 min read


ന്യൂഡൽഹി

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ അന്വേഷണം പൂര്‍ത്തിയാകും മുമ്പ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് പൈലറ്റുമാരെ കുറ്റപ്പെടുത്തുംവിധമുള്ള മാധ്യമ വാര്‍ത്തകൾ നിരുത്തരവാദപരമാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്‌, എൻ കോടീശ്വർ സിങ്‌ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു.


260 പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ കോടതി മേൽനോട്ടത്തിൽ നിഷ്‌പക്ഷവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ട്‌ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ഡയറക്‌ടർ ജനറൽ ഓഫ്‌ സിവിൽ ഏവിയേഷനും ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, എൻ കോടീശ്വർ സിങ്‌ എന്നിവരുടെ ബെഞ്ച്‌ നോട്ടീസയച്ചു. പ്രാഥമികാന്വേഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിട്ട നടപടി തെറ്റിദ്ധരിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണ്. കോക്‌പിറ്റ്‌ സംഭാഷണമെന്ന പേരിൽ പുറത്തുവിട്ട ഭാഗം പൈലറ്റിന്റെ പിഴവാണ്‌ അപകടമുണ്ടാക്കിയതെന്ന അനുമാനത്തിലേക്ക് നയിച്ചു. അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം അത്‌ ഏറ്റെടുത്തു.


അന്വേഷണം പൂര്‍ത്തിയാകുംവരെ രഹസ്യസ്വഭാവം പുലർത്തേണ്ടതുണ്ട്. ശരിയായ ദിശയിൽ അന്വേഷണം നടക്കുന്നുണ്ടോയെന്നതിന്‌ കോടതി മേൽനോട്ടം വഹിക്കും. ​അതേസമയം ഫ്ലൈറ്റ്‌ ഡാറ്റാ റെക്കോർഡടക്കം എല്ലാ രേഖകളും പുറത്തുവിടണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.


എഎഐബി ജൂലൈ 12ന്‌ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ ചില കാര്യങ്ങൾ മാത്രമാണ്‌ പുറത്തുവിട്ടതെന്നും പൈലറ്റുമാരുടെ പിഴവെന്ന പ്രചാരണത്തിലേക്ക്‌ നയിച്ചുവെന്നും ഹർജിക്കാരായ സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home