2017 ലെ വിധി പൂഴ്ത്തി
ഖനനലോബിക്ക് പിഴയിട്ടത് 2,700 കോടി, പിരിച്ചെടുക്കാതെ എട്ട് വർഷം, ഒഡിഷ സർക്കാരിനെതിരെ സുപ്രീം കോടതി

ന്യൂഡൽഹി: ഇരുമ്പും മാംഗനീസ് ധാതുവും പരിസ്ഥിതി അനുമതിയില്ലാതെ ഖനനം നടത്തിയ ലീസ് ഉടമകൾക്ക് മേൽ ചുമത്തിയ 2,700 കോടി രൂപയുടെ പിഴത്തുക കോടതി നിർദ്ദേശിച്ചിട്ടും പിരിച്ചെടുക്കാതെ ഒഡിഷ സർക്കാർ. എട്ടു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിനെതിരെ പരാതി വീണ്ടും സുപ്രീം കോടതി മുമ്പാകെ എത്തി.
സർക്കാർ നടപടിയിൽ ജസ്റ്റിസ് ദിപങ്കർ ദത്തയും എ ജി. മസീഹ്യുമടങ്ങുന്ന ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 2,700 കോടിയിലധികം പൊതുസമ്പത്ത് വീണ്ടെടുക്കുന്നതിൽ ഇനി വൈകൽ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2017-ലെ സുപ്രീംകോടതി വിധിയിൽ സംസ്ഥാനത്തോട് അടിയന്തിരമായി നഷ്ടപരിഹാരം ഈടാക്കാൻ നിർദ്ദേശിച്ചിരുന്നു. കെയോൻജ്ഹർ, സുന്ദർഗഢ്, മയൂർഭഞ്ജ് ജില്ലകളിലെ നിയമവിരുദ്ധ ഖനനമാണ് കേസിന് ആസ്പദമായത്.
ഹർജിക്കാരനായ കോമൺ കോസ് സംഘടനയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സംസ്ഥാന അധികാരികൾ “ഖനനക്കാർക്കൊപ്പം കൂട്ടുനിൽക്കുന്നതുപോലെ” പെരുമാറുകയാണെന്ന് ചൂണ്ടികാട്ടി.
2017 ഡിസംബർ 31-നകം പണം അടയ്ക്കേണ്ടതായിരുന്നു. പലിശ ചേർത്താൽ സർക്കാരിന് ലഭിക്കേണ്ടത് ഇതിന്റെ ഇരട്ടി തുകയാവും. എന്നിട്ടും സർക്കാർ താത്പര്യം കാണിച്ചില്ല.
സർക്കാർ ഖനനക്കാർക്ക് കൂട്ടുനിൽക്കയാണെന്ന ആരോപണം സംസ്ഥാന അഭിഭാഷകൻ (Advocate General) നിഷേധിച്ചെങ്കിലും ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. അടുത്ത കേൾവിക്കു മുൻപ് വീണ്ടെടുപ്പിൽ വ്യക്തമായ പുരോഗതി റിപ്പോർട് ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസ് പശ്ചാത്തലം
2017-ൽ “കോമൺ കോസ് വാഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ” കേസിൽ സുപ്രീംകോടതി പരിസ്ഥിതി അനുമതിയില്ലാതെ നടത്തിയ ഖനനങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാനത്തോട് നിർദ്ദേശിച്ചിരുന്നു.
കെയോൻജ്ഹർ, സുന്ദർഗഢ്, മയൂർഭഞ്ജ് ജില്ലകൾ ഒഡീഷയിലെ പ്രധാന ഇരുമ്പ്-മാംഗനീസ് ധാതു ഖനന മേഖലകളാണ്.
ലഭ്യമായ കണക്കുപ്രകാരം ₹2,700 കോടിയിലധികം തുക (പലിശ ഒഴിച്ച്) കുടിശ്ശികയായി തുടരുകയാണ്. പലിശ ചേർത്താൽ ബാധ്യത ഇരട്ടിയാകും.
മുൻപ് തന്നെ ഒഡീഷ സർക്കാർ ₹3,966 കോടിയുടെ പിഴ ഈടാക്കുന്നതിൽ പരാജയപ്പെട്ടതായി സി എ ജി റിപ്പോർട്ട് ഉണ്ടായിരുന്നു.
പരിസ്ഥിതി, വനം നിയമങ്ങൾ ലംഘിക്കുന്നത് നിയമവിരുദ്ധ ഖനനമാണെന്നും അങ്ങനെ വിൽക്കുന്ന അയിരിന്റെ മൂല്യം ഖനി ഉടമയിൽ നിന്ന് തിരിച്ചുപിടിക്കാമെന്നും 2017 ലെ വിധിയിൽ സുപ്രീം കോടതി പറഞ്ഞിരുന്നു. ദേശീയ ധാതു നയം കടലാസിൽ മാത്രമാണെന്ന് വരെ കോടതി ചൂണ്ടികാട്ടി. 2040 ആവുമ്പോഴേക്കും സംസ്ഥാനത്തെ ഭൂമിയിൽ ഒന്നും അവശേഷിക്കാത്ത സ്ഥിതി വരും എന്നും വിമർശിച്ചു. പക്ഷെ ഖനന മാഫിയ സംരക്ഷിതമായി തുടർന്നു.










0 comments