മനുഷ്യരുടെ കേസുകളിൽ പോലും ഇത്രയുമില്ല..! തെരുവുനായ വിഷയത്തിലെ ഹർജി പ്രവാഹത്തിൽ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഹർജികളുടെ പ്രവാഹം. മനുഷ്യർ കക്ഷികളായ കേസുകളിൽ പോലും സാധാരണഗതിയിൽ ഇത്രയധികം അപേക്ഷകൾ വരാറില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേസ് പരിഗണിക്കുന്നതിന് മുന്നോടിയായി അഭിഭാഷകർ പുതിയ ഇടക്കാല അപേക്ഷകൾ പരാമർശിച്ചപ്പോഴാണ് കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. തെരുവുനായ വിഷയത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താല്പര്യപത്രങ്ങളും ട്രാൻസ്ഫർ പെറ്റീഷനുകളും കോടതിക്ക് മുന്നിലെത്തിയിട്ടുണ്ട്.
ബുധനാഴ്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും. എല്ലാ അഭിഭാഷകർക്കും പറയാനുള്ളത് കേൾക്കുമെന്നും കോടതി ഉറപ്പുനൽകി.
നേരത്തെ നവംബർ ഏഴിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ അടിയന്തരമായി നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇത്തരത്തിൽ പിടികൂടുന്ന നായക്കളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം അതേ സ്ഥലത്ത് തിരികെ വിടരുത് എന്നും പകരം പ്രത്യേകം സജ്ജമാക്കിയ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് കോടതി നിർദ്ദേശം.
ദേശീയ പാതകളിലെയും എക്‌സ്‌പ്രസ്‌വേകളിലെയും അലഞ്ഞുതിരിയുന്ന കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും നീക്കം ചെയ്യാനും കോടതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെരുവുനായ ആക്രമണങ്ങൾ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച കോടതി നേരത്തെ വിമർശിച്ചിരുന്നു. ബുധനാഴ്ച നടക്കുന്ന വാദം കേൾക്കലിൽ സർക്കാരുകൾ സമർപ്പിക്കുന്ന സത്യവാങ്മൂലങ്ങൾ കോടതി പരിശോധിക്കും.










0 comments