പ്ലീഡർമാരുടെ നിയമനം: മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും- സിപിഐ എം

തിരുവനന്തപുരം: ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെ വഴിവിട്ട് നിയമിച്ചതായുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ സ്വജനപക്ഷപാതവും, സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ലെറ്റര്‍ പാഡുയര്‍ത്തിയാണ് മുഖ്യമന്ത്രി സംഘപരിപാര്‍ ബന്ധമുള്ളവരെ സര്‍ക്കാര്‍ പ്ലീഡര്‍മാരായി നിയമിച്ചതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അഡ്വക്കേറ്റ് ജനറലുമായി മാത്രം കൂടിയാലോചിച്ച് നടത്തേണ്ടുന്ന നിയമനം, സ്വജനപക്ഷപാതമോ പ്രീതിയോ ഇല്ലാതെ നടത്തണമെന്ന ഭരണഘടനാ വ്യവസ്ഥയെതന്നെ കാറ്റില്‍പ്പറത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ അഴിമതിയും, സ്വജനപക്ഷപാതവും വ്യാപകമായിരിക്കുകയാണ്. അങ്ങേയറ്റം അപമാനകരമായ നിലയിലേക്ക് ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളീയ സമൂഹം തിരിച്ചറിയുമെന്നും സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.











0 comments