ദേശീയ പുരസ്കാരങ്ങളിൽ 'അമരൻ' തരംഗം: മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് നേട്ടങ്ങൾ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി തമിഴ് ചിത്രം 'അമരൻ'. മികച്ച സംവിധായകൻ ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. വീരമൃത്യുവരിച്ച ഇന്ത്യൻ കരസേന ഉദ്യോഗസ്ഥൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലൂടെ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.
സാങ്കേതിക മികവിലും ചിത്രം ദേശീയ തലത്തിൽ കരുത്ത് തെളിയിച്ചു. ചിത്രത്തിന്റെ എഡിറ്റിങ്ങിന് ആർ കലൈവാണനും, മികച്ച പശ്ചാത്തല സംഗീതത്തിന് ജി വി പ്രകാശ് കുമാറും പുരസ്കാരങ്ങൾ നേടി. ഷിവ് അരൂർ, രാഹുൽ സിംഗ് എന്നിവർ രചിച്ച 'ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, മേജർ മുകുന്ദിന്റെ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസിന്റെ ഓർമകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ചിത്രത്തിൽ ശിവകാർത്തികേയനും സായി പല്ലവിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച 'അമരൻ', തമിഴ് സിനിമാ ലോകത്തിന് അഭിമാനകരമായ നേട്ടമാണ് കൈവരിച്ചത്.











0 comments