"അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന വിദ്യാർഥികൾക്കൊപ്പം": ഭരണഘടനയുടെ ആമുഖം വായിച്ച് സുപ്രീംകോടതി അഭിഭാഷകർ

Image Credit : ANI
ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും വിദ്യാർഥികൾക്കും പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകർ. കോടതി പരിസരത്ത് ഒത്തുകൂടിയ ഒരു കൂട്ടം അഭിഭാഷകർ 'ജനാധിപത്യത്തെ സംരക്ഷിക്കുക, ഭരണഘടനയെ സംരക്ഷിക്കുക' എന്ന കാമ്പെയ്‌ന്റെ ഭാഗമായി ഭരണഘടനയുടെ ആമുഖം പരസ്യമായി വായിച്ചു.
മുതിർന്ന അഭിഭാഷകനും ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയുമായ എസ് മുരളീധർ, നിയമസമൂഹം വിദ്യാർഥികൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി. "തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന എല്ലാ വിദ്യാർഥികൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്, അവർക്കെല്ലാവർക്കും നീതി ലഭിക്കണം," അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾക്കെതിരായ അനീതിക്കും പൊലീസ് അതിക്രമത്തിനുമെതിരെ പ്രതികരിക്കാനാണ് ബാർ കൗൺസിൽ അംഗങ്ങൾ ഒന്നിച്ചതെന്ന് അഡ്വക്കേറ്റ് അഭയ് സിംഗ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് പൂർണമായ നിയമസഹായം നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. "നടന്നിട്ടുള്ള എല്ലാ അനീതികളെയും ഞങ്ങൾ എതിർക്കുന്നു. സുപ്രീം കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ വിദ്യാർഥികൾക്കൊപ്പം നിൽക്കുമെന്ന് രാജ്യത്തെല്ലാവരെയും അറിയിക്കാനാണ് ഈ കൂട്ടായ്മ. കേന്ദ്രം വിദ്യാർഥികളോട് കാണിച്ച നിയമവിരുദ്ധതയെയും ക്രൂരതയെയും ഞങ്ങൾ അപലപിക്കുന്നു. ഇതിനെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും ഞങ്ങൾ സ്വീകരിക്കുകയും നീതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഞങ്ങളുടെ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഞങ്ങൾ ഇതിന് തുടക്കം കുറിച്ചത്," സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
യുവജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ കൂട്ടായ്മയ്ക്ക് ഉള്ളതെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗും ഈ നീക്കത്തെ പിന്തുണച്ചു. "മുൻപ് സംസാരിച്ചവർ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു. ഞങ്ങൾ ഇവിടെയുള്ളത് വിദ്യാർഥികൾക്ക് ഒപ്പം നിൽക്കാനാണ്. ഞങ്ങൾ നീതിയുടെ പക്ഷത്താണ്. വിദ്യാർത്ഥികൾക്ക് നീതി വേണമെന്ന് ആവശ്യപ്പെടാനാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്" അവർ കൂട്ടിച്ചേർത്തു.










0 comments