ഇന്നും ഇരുട്ടിലോ ? സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് കാട്ടി ജനങ്ങളെ വീണ്ടും ഇരുട്ടിലാക്കാനാണ് സർക്കാരിന്റെ നീക്കം. ഉപഭോഗം പരമാവധി കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
വേനൽക്കാലത്തോ മഴ മാറിനിൽക്കുമ്പോഴോ ഉണ്ടാകുന്ന വൈദ്യുതി ഉപഭോഗ വർധനവ് മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ. ഇന്നത്തെ ഉപഭോഗം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കുമെന്ന് അധികൃതർ പറയുമ്പോൾ, ഇതിനെ നേരിടാൻ എന്ത് ബദൽ മാർഗമാണ് സർക്കാർ സ്വീകരിച്ചതെന്ന ചോദ്യം ശക്തമാവുകയാണ്.
എൽനിനോ പ്രതിഭാസവും മഴക്കുറവും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നിട്ടും ദീർഘവീക്ഷണത്തോടെയുള്ള പവർ പ്ലാനിങ് നടപ്പിലാക്കുന്നതിൽ ഊർജവകുപ്പ് പൂർണമായും പരാജയപ്പെട്ടു. സർക്കാരിന്റെ ഈ ദയനീയ പരാജയം കാരണം സാധാരണ ജനങ്ങളാണ് വീണ്ടും ഇരുട്ടിലും ദുരിതത്തിലുമായിരിക്കുന്നത്. കൃത്യമായ ഭരണമികവില്ലായ്മയാണ് സംസ്ഥാനത്തെ ഈ ഊർജ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.










0 comments