ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം തേടി ഷർജീൽ ഇമാം, ഉമർ ഖാലിദ്, എന്നിവർ സമർപ്പിച്ച അപ്പീലുകളിൽ സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്തംബർ 2 ലെ വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ജസ്റ്റിസ് അരവിന്ദ് കുമാറും ജസ്റ്റിസ് എൻ വി അഞ്ജരിയയും അടങ്ങുന്ന ബെഞ്ചാണ് പരിഗണിക്കുന്നത്.
ആക്ടിവിസ്റ്റുകളായ മുഹമ്മദ് സലീം ഖാൻ, , ഷദാബ് അഹമ്മദ് അബ്ദുൾ ഖാലിദ് സൈഫി, ഷിഫ ഉർ റഹ്മാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകളും നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ ഉമർ ഖാലിദ്, ഗുൽഫിഷ ഫാത്തിമ, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് തിങ്കളാഴ്ച സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ഒക്ടോബർ 7 ന് കേസ് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു ഇവർക്കെതിരായ കേസ്. അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമായിരുന്നു ഷർജീൽ ഇമാം അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സെപ്തംബർ രണ്ടിലെ ഡൽഹി ഹൈക്കോടതിയുടെ വിധി.
താഹിർ ഹുസൈൻ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇഷാരത്ത് ജഹാൻ, മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, ഷിഫ-ഉർ-റഹ്മാൻ, ആസിഫ് ഇഖ്ബാൽ തൻഹ (2021 ൽ ജാമ്യം ലഭിച്ചു), ഷാദാബ് അഹമ്മദ്, തസ്ലീം അഹമ്മദ്, സലീം മാലിക്, മുഹമ്മദ് സലീം ഖാൻ, അത്തർ ഖാൻ, സഫൂറ സർഗാർ (അറസ്റ്റിലാകുമ്പോൾ ഗർഭിണിയായിരുന്നതിനാൽ മാനുഷിക പരിഗണനയിൽ ജാമ്യം ലഭിച്ചു), ഷർജീൽ ഇമാം, ഫൈസാൻ ഖാൻ, ദേവാംഗന കലിത (ജാമ്യം ലഭിച്ചു), നതാഷ നർവാൾ (ജാമ്യം ലഭിച്ചു) എന്നിവരാണ് കേസിലെ പ്രതികൾ.
ഉമർ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം, യുഎപിഎ എന്നീ വകുപ്പുകൾ ചുമത്തി നിരവധി സംസ്ഥാനങ്ങളിലായി എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും അലിഗഡ് മുസ്ലീം സർവകലാശാലയിലും നടത്തിയ പ്രസംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. അലിഗഡിലും ഗുവാഹത്തിയിലും രജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കുറ്റക്കേസുകളിൽ യഥാക്രമം 2021-ൽ അലഹബാദ് ഹൈക്കോടതിയും 2020-ൽ ഗുവാഹത്തി ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. അരുണാചൽ പ്രദേശിലും മണിപ്പൂരിലും എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments