വിദ്യാർഥി പ്രതിഷേധം: പൊലീസ് അതിക്രമം അന്വേഷിക്കുന്ന സമിതി സ്വതന്ത്രമായി പ്രവർത്തിക്കും; സുപ്രീം കോടതി

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പൊലീസ് അമിത ബലം പ്രയോഗിച്ചെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി രൂപീകരിച്ച ഹൈ പവർഡ് കമ്മിറ്റി സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന് കോടതി വ്യക്തമാക്കി. സമിതി നേരിട്ട് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ സമിതിയെ പ്രതിനിധീകരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതിയുടെ സ്വാതന്ത്ര്യം, ഘടന, പ്രവർത്തനരീതി എന്നിവ സംബന്ധിച്ചാണ് പ്രധാനമായും വാദം നടന്നത്.
“സമിതിയെ സംസ്ഥാന അഭിഭാഷകർ പ്രതിനിധീകരിക്കുന്ന സാഹചര്യമില്ല. സമിതി നേരിട്ട് ഞങ്ങൾക്ക് റിപ്പോർട്ട് നൽകും. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
കമ്മീഷൻസ് ഓഫ് എൻക്വയറി ആക്ടിലെ സെക്ഷൻ 6 ന് സമാനമായ രീതിയിലായിരിക്കും സമിതി അന്വേഷണം നടത്തുകയെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി വ്യക്തമാക്കി. സമിതി പൊതു അറിയിപ്പ് പുറപ്പെടുവിക്കുകയും താൽപര്യമുള്ളവർക്ക് അവരുടെ നിലപാടുകളും രേഖകളും തെളിവുകളും സമർപ്പിക്കാൻ അവസരം നൽകുകയും ചെയ്യും. പത്രപരസ്യങ്ങൾ ഉൾപ്പെടെ നൽകി പൊതുജനങ്ങളെ അന്വേഷണത്തെക്കുറിച്ച് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, സമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്ന ആവശ്യവും കോടതി തള്ളി. സമിതിയെ കോടതി തന്നെയാണ് രൂപീകരിച്ചതെന്നും അതിന്റെ പ്രവർത്തനം നേരിട്ട് നിരീക്ഷിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സമിതി സുപ്രീം കോടതിയുടെ “വിപുലീകരിച്ച കൈ” പോലെയായിരിക്കും പ്രവർത്തിക്കുകയെന്നും അന്വേഷണത്തിൽ ലഭിക്കുന്ന മുഴുവൻ വിവരങ്ങളും കോടതിയുടെ പരിഗണനയ്ക്ക് വിധേയമാകുമെന്നും ബെഞ്ച് വ്യക്തമാക്കി.









0 comments