ആധാർ ശില്പിയും എസ്ഐആറിൽ ‘നോ മാപ്പിങ്’ വിഭാഗത്തിൽ; നന്ദൻ നിലേകനിക്കും കുടുംബത്തിനും നോട്ടീസ്

ബംഗളൂരു: രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾക്ക് ഡിജിറ്റൽ തിരിച്ചറിയൽ രേഖയായ ആധാർ നൽകിയ യുഐഡിഎഐയുടെ സ്ഥാപക ചെയർമാനും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനിക്കും കുടുംബത്തിനും വോട്ടർ പട്ടികയിൽ 'വിലാസമില്ല'. കർണാടകയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്ര പരിഷ്കരണ (എസ്ഐആർ) പ്രക്രിയയിലാണ് നിലേകനിയും കുടുംബവും 'നോ-മാപ്പിംഗ്' (Unmapped) വിഭാഗത്തിൽ പെട്ടിരിക്കുന്നത്.
രാജ്യത്തെ പരീക്ഷാ തട്ടിപ്പുകൾ തടയാനും എൻടിഎ പരീക്ഷകൾ ഉടച്ചുവാർക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച ഉന്നതതല ടാസ്ക് ഫോഴ്സിന്റെ അധ്യക്ഷൻ കൂടിയാണ് നിലേകനി. അങ്ങനെയൊരാൾക്കാണ് സ്വന്തം രാജ്യത്ത് വോട്ടർ പട്ടികയിലെ ക്രമക്കേടിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിക്കാൻ പോകുന്നത് എന്നത് രാഷ്ട്രീയ-ഭരണ തലങ്ങളിൽ വലിയ രീതിയിലുള്ള പരിഹാസത്തിനും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്.
2002-ലെ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കിയപ്പോൾ നന്ദൻ നിലേകനി, ഭാര്യ രോഹിണി നിലേകനി, മക്കളായ നിഹാർ, ജാഹ്നവി എന്നിവരുടെ പേരുകൾ മാപ്പ് ചെയ്യാൻ സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. ബംഗളൂരുവിലെ കോരമംഗല റെഡ്ഡി ജനസംഘ ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തുന്ന നിലേകനിയുടെ കുടുംബത്തിന് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകാനൊരുങ്ങുകയാണ് അധികൃതർ.
നിലേകനിക്ക് പുറമെ പ്രമുഖ വ്യവസായി നിഖിൽ കാമത്ത്, പ്രശസ്ത കന്നഡ നടൻ ശിവരാജ് കുമാർ, ഭാരതരത്ന ജേതാവായ പ്രശസ്ത ശാസ്ത്രജ്ഞൻ സിഎൻആർ റാവു, പത്മശ്രീ ഹരകലാ ഹാജബ്ബ തുടങ്ങിയ പ്രമുഖരും വോട്ടർ പട്ടികയിലെ ക്രമക്കേട് (Discrepancy List) പട്ടികയിൽ പെട്ടിട്ടുണ്ട്.
കർണാടകയിൽ മാത്രം ഏകദേശം 43.81 ലക്ഷത്തിലധികം വോട്ടർമാർക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ ഇന്ത്യയുടെയും വക്താവായ നന്ദൻ നിലേകനിക്ക് തന്നെ സ്വന്തം ഐഡന്റിറ്റി വോട്ടർ പട്ടികയിൽ തെളിയിക്കാൻ തെളിവ് കൊടുക്കേണ്ടി വരുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണസംവിധാനങ്ങളുടെയും വീഴ്ചയാണെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചിട്ടുണ്ട്. അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കാനിരിക്കെ വിഷയം വൻ രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയാണ്.









0 comments