ഏഷ്യൻ ഗെയിംസ് കബഡി: കിരീടം നിലനിർത്താൻ ഇന്ത്യ, പുരുഷ-വനിതാ ടീമുകളുടെ മത്സരക്രമം പ്രഖ്യാപിച്ചു

ഇന്ത്യൻ കബഡി ടീം| Photo: Hangzhou2022.cn
ഐചി : 2026 ഏഷ്യൻ ഗെയിംസ് കബഡി മത്സരങ്ങളുടെ ഗ്രൂപ്പുകളും തീയതികളും പ്രഖ്യാപിച്ചു. സെപ്റ്റംബർ 21 മുതൽ 26 വരെ ജപ്പാനിലെ തോക്കായ് സിറ്റിസൺ ജിംനേഷ്യത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 2023 ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ സ്വർണം നേടിയ ഇന്ത്യ, ഇരു വിഭാഗങ്ങളിലും നിലവിലെ ചാമ്പ്യന്മാരായാണ് കളത്തിലിറങ്ങുന്നത്.
പുരുഷ വിഭാഗത്തിൽ 10 ടീമുകളും വനിതാ വിഭാഗത്തിൽ 8 ടീമുകളും മത്സരിക്കും. സെപ്റ്റംബർ 21 മുതൽ 24 വരെ റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 25ന് സെമിഫൈനലും 26ന് ഫൈനലും നടക്കും.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ ടീം ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ചൈനീസ് തായ്‌പേയ്, ആതിഥേയരായ ജപ്പാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്ന കരുത്തരായ ഇറാൻ ഗ്രൂപ്പ് ബിയിലാണ് (നേപ്പാൾ, തായ്‌ലൻഡ്, പാകിസ്ഥാൻ, മലേഷ്യ എന്നിവർക്കൊപ്പം).
സെപ്റ്റംബർ 21ന് ജപ്പാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 22ന് ദക്ഷിണ കൊറിയയെയും 23ന് ബംഗ്ലാദേശിനെയും 24ന് ചൈനീസ് തായ്‌പേയിയെയും ഇന്ത്യ നേരിടും. വനിതാ വിഭാഗത്തിലും ഇന്ത്യ ഗ്രൂപ്പ് എയിലാണ് മത്സരിക്കുന്നത്. കരുത്തരായ ഇറാൻ, ജപ്പാൻ, ബംഗ്ലാദേശ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ശ്രീലങ്ക, തായ്‌ലൻഡ്, ചൈനീസ് തായ്‌പേയ്, നേപ്പാൾ എന്നിവർ ഗ്രൂപ്പ് ബിയിൽ മാറ്റുരയ്ക്കും.
സെപ്റ്റംബർ 21ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യൻ വനിതകളുടെ ആദ്യ പോരാട്ടം. സെപ്റ്റംബർ 23ന് ഇറാനെയും 24ന് ജപ്പാനെയും ഇന്ത്യ നേരിടും. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. സെമിയിൽ തോൽക്കുന്ന രണ്ട് ടീമുകൾക്കും വെങ്കല മെഡൽ ലഭിക്കും. കബഡിയിൽ വെങ്കല മെഡലിനായി പ്രത്യേക പോരാട്ടം ഉണ്ടാകില്ല.








0 comments