പൊതുസ്ഥലങ്ങളിലെ തെരുവുനായപ്രശ്നം: മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പൊതുവിടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ നൽകിയ അപേക്ഷകൾ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ നീക്കാനായി ആനിമൽ വെൽഫയർ ബോർഡ് പുറപ്പെടുവിച്ച നടപടിക്രമങ്ങളെ ചോദ്യംചെയ്ത് ഒരു കൂട്ടം മൃഗസ്നേഹികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെരുവുനായ്ക്കളുടെ ജനസംഖ്യാ നിയന്ത്രണത്തിനും പൊതുജനാരോഗ്യ ഭീഷണികൾ ലഘൂകരിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള, ഏകോപിതവും ശാസ്ത്രീയവുമായ സംവിധാനമായി എബിസി ചട്ടക്കൂട് രൂപപ്പെടുത്തണമെന്ന് കോടതി പറഞ്ഞു. മുൻ നിർദേശങ്ങളും ചട്ടക്കൂടുകളും ഇനിയും താഴേത്തട്ടിലേക്ക് വേണ്ടത്ര എത്തിച്ചേർന്നിട്ടില്ല. ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ പോരായ്മയാണ്. പൗരന്മാരുടെ ജീവനും സുരക്ഷയ്ക്കുമുള്ള മൗലികാവകാശം സംരക്ഷിക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഭരണഘടനാപരമായി ബാധ്യസ്ഥരാണ്. പൊതുജനങ്ങളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങൾ തടയുന്നതിന് ഫലപ്രദവും ആവശ്യവുമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. നായ്ക്കളുടെ കടിയേറ്റ സംഭവങ്ങളെക്കുറിച്ചും പേവിഷബാധ മൂലമുള്ള മരണങ്ങളെക്കുറിച്ചുമുള്ള വിവിധ വാർത്താ റിപ്പോർട്ടുകളും കോടതി പരാമർശിച്ചു.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്‌പോർട്‌സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഈ ബെഞ്ച് അധികാരികൾക്ക് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ തെരുവ് നീളെ നായ്ക്കൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.
പിന്നീട് ഈ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും മൃഗസംരക്ഷണ സംഘടനകളും നിരവധി അപേക്ഷകൾ സമർപ്പിച്ചു. ഈ അപേക്ഷകളിൽ വിശദമായ വാദം കേട്ട ശേഷം ജനുവരി 29ന് ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.











0 comments