ad
Deshabhimani

ഇപിഎഫ് ശമ്പള പരിധി പുതുക്കൽ: തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാല് മാസം സമയം അനുവദിച്ച് സുപ്രീംകോടതി

EPFO.jpg
വെബ് ഡെസ്ക്

Published on Jan 06, 2026, 05:50 PM | 1 min read

ന്യൂഡൽഹി: ഇപിഎഫ്ഒ പദ്ധതിപ്രകാരമുള്ള ശമ്പള പരിധി പുതുക്കുന്ന കാര്യത്തിൽ നാല് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ 11 വർഷമായി ശമ്പള പരിധി പരിഷ്കരിക്കാത്തത് ദശലക്ഷക്കണക്കിന് തൊഴിലാളികളെ സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമാണെന്ന ഹർജി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.


ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് എ.എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്. നിലവിൽ 15,000 രൂപയാണ് ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള ശമ്പള പരിധി. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം പോലും പലയിടത്തും ഈ പരിധിക്ക് മുകളിലാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.


ഇതിനാൽ ഭൂരിഭാഗം സാധാരണ തൊഴിലാളികൾക്കും ഇപിഎഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. നടപടികൾ വേഗത്തിലാക്കണം രണ്ടാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം നൽകാൻ ഹർജിക്കാരനായ നവീൻ പ്രകാശ് നൗട്ടിയാലിനോട് കോടതി ആവശ്യപ്പെട്ടു.


ഇതിന്മേൽ നാല് മാസത്തിനുള്ളിൽ കേന്ദ്രം അന്തിമ തീരുമാനമെടുക്കണം. പണപ്പെരുപ്പം, മിനിമം വേതനം, പ്രതിശീർഷ വരുമാനം തുടങ്ങിയ സാമ്പത്തിക ഘടകങ്ങളുമായി ശമ്പള പരിധി ബന്ധിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.


2022-ൽ ഇപിഎഫ്ഒയുടെ ഉപസമിതി ശമ്പള പരിധി വർദ്ധിപ്പിക്കാൻ ശുപാർശ നൽകുകയും സെൻട്രൽ ബോർഡ് അത് അംഗീകരിക്കുകയും ചെയ്തിരുന്നെങ്കിലും കേന്ദ്ര സർക്കാർ ഇതുവരെ നടപടിയെടുത്തിരുന്നില്ല. കോടതിയുടെ പുതിയ ഉത്തരവോടെ ശമ്പള പരിധിയിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home