print edition കേന്ദ്രം കോർപറേറ്റുകൾക്ക് കീഴടങ്ങുകയാണോ; തുറന്നടിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഭക്ഷ്യവസ്‌തുക്കൾ നിർമിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങുകയാണോയെന്ന പരസ്യ വിമർശവുമായി സുപ്രീംകോടതി. ഭക്ഷ്യവസ്‌തുക്കളിൽ ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ്, സോഡിയം തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കിൽ അത് പാക്കറ്റിന്റെ മുൻവശത്തുതന്നെ പ്രദർശിപ്പിക്കണമെന്ന് നിർദേശിക്കുന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവർ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശവുമായി രംഗത്തെത്തിയത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യോടാണ് ലേബൽ പതിക്കാൻ ഫെബ്രുവരിയിൽ ഉത്തരവിട്ടത്. എന്നാൽ ഇതിനുപകരം ഒരാൾ ഒരു ദിവസം കഴിക്കേണ്ട പഞ്ചാസാരയുടെയും ഉപ്പിന്റെയും കൊഴുപ്പിന്റെയും അളവ് പ്രദർശിപ്പിക്കാമെന്ന ശുപാർശയുമായി എഫ്എസ്എസ്എഐ എത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്.
‘കോടതിയെ അപഹസിക്കുകയാണോ. നിങ്ങൾക്ക് കോർപറേറ്റ് സമ്മർദമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടേത് കേവലമൊരു നിർദേശമായിരുന്നില്ല. ഇൗ രാജ്യത്തെ ജനങ്ങൾ ആരോഗ്യത്തോടെയിരിക്കണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലേ. ഞങ്ങൾ ഒരുൽപ്പന്നത്തിനും എതിരല്ല. പക്ഷേ എന്താണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ അറിയേണ്ടതുണ്ട്’–കോടതി തുറന്നടിച്ചു.










0 comments