സുപ്രീം കോടതി കൊളീജിയത്തിന് മേൽ കേന്ദ്ര സർക്കാരിന്റെ കൈ; ജസ്റ്റീസ് അതുൽ ശ്രീധറിന്റെ സ്ഥലം മാറ്റം വിവാദത്തിൽ

ന്യൂഡൽഹി: തങ്ങളുടെ വിഭാഗീയ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വഴങ്ങാതെ നീതിനിർവ്വഹണം നടത്തിയ ഹൈക്കോടതി ജഡ്ജിയെ പ്രതികാരേഛയോടെ സ്ഥലം മാറ്റാൻ ജുഡീഷ്യറിയിൽ കൈകടത്തി കേന്ദ്ര സർക്കാർ. സുപ്രീം കോടതി കൊളീജിയത്തെ സമ്മർദ്ദത്തിലാക്കിയുള്ള ഇടപെടൽ വിവാദത്തിന് തീകൊളുത്തി.
കേണൽ സോഫിയ ഖുറേഷിക്ക് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ വിജയ് ഷായ്ക്ക് എതിരെ കേസെടുക്കാൻ നിർദേശിച്ച ജസ്റ്റിസ് അതുൽ ശ്രീധരനെതിരെയാണ് പ്രതികാര നടപടി. അതുൽ ശ്രീധറിനെ ജുഡീഷ്യറിയിലെ അവസരങ്ങൾ നഷ്ടമാവും വിധം സ്ഥലം മാറ്റിച്ച് തരംതാഴ്ത്തലിന് വിധേയമാക്കുകയാണ് ബിജെപി സർക്കാർ ഉന്നം.
ഒക്ടോബർ 14 ന് നടന്ന യോഗത്തിൽ സുപ്രീം കോടതി കൊളീജിയം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അതുൽ ശ്രീധരനെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്തിരിക്കയാണ്. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദത്തിന് പിന്നാലെ നേരത്തെയുള്ള ശുപാർശയിൽ മാറ്റം വരുത്തിയാണ് ഇത്.
ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നാണ് കൊളീജിയം ആദ്യം നിർദ്ദേശിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് പിന്നാലെ കൊളീജിയം മുൻ ശുപാർശയിൽ മാറ്റം വരുത്തി. അലഹബാദ് ഹൈക്കോടതിയിലേക്ക് എന്നാക്കി മാറ്റി.
ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്ക് സ്‌ഥലം മാറ്റാനുള്ള ഓഗസ്റ്റിലെ സുപ്രീം കോടതി കൊളീജിയം ശുപാർശ നടപ്പായിരുന്നെങ്കിൽ അദ്ദേഹം അവിടെ ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമത്തെ ജഡ്ജിയായി മാറുമായിരുന്നു. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ശുപാർശ പുനഃപരിശോധിച്ചു. സ്ഥലം മാറ്റം അലഹബാദ് ഹൈക്കോടതിയിലേക്കാക്കി. ഇത് നടപ്പായാൽ അദ്ദേഹം ഏഴാം സ്ഥാനക്കാരനാവും. നിലവിൽ മധ്യപ്രദേശിൽ രണ്ടാം സ്ഥാനക്കാരനാണ്.
ഹൈക്കോടതിയിലെ രണ്ടാമൻ,
ഒരു സ്ഥലം മാറ്റത്തിലൂടെ ഏഴാമത്
കേന്ദ്ര സർക്കാർ സമ്മർദ്ദ പ്രകാരമുള്ള സ്ഥലം മാറ്റം നടപ്പിലായാൽ ഇപ്പോൾ സീനിയോറിറ്റിയിൽ രണ്ടാമത്തെ ജഡ്ജിയായി ജസ്റ്റിസ് അതുൽ ശ്രീധരൻ സ്വഭാവിക തരംതാഴ്ത്തലിന് വിധേയമാവുകയാണ് ചെയ്യുന്നത്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ. നേരത്തെയുള്ള ശുപാർശ പിന്തുടർന്ന് മാറ്റം ഛത്തീസ്ഗഡിലേക്ക് ആയിരുന്നെങ്കിൽ ഈ സ്ഥാനം സംരക്ഷിക്കപ്പെടുമായിരുന്നു. പക്ഷെ അലഹബാദിലേക്ക് ആയി മാറ്റുന്നതിനാണ് കേന്ദ്രം നീക്കം നടത്തിയത്. അവിടെ ഏഴാമത് അവസരമാണ്. ഇങ്ങനെ, രണ്ടാമനായ ജഡ്ജിയെ ഏഴാമനായി ചുമതലയിൽ എത്തിക്കാനുള്ള പ്രതികാര തന്ത്രം.
മനുഷ്യാവകാശങ്ങൾക്ക് കൂടെ നിന്നു
ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കാലത്ത് ജസ്റ്റിസ് അതുൽ ശ്രീധരൻ കരുതൽ തടങ്കൽ കേസുകളിൽ കൂടുതൽ ജുഡീഷ്യൽ പരിശോധന നടത്തി മാനുഷിക നിലപാടുകൾ സ്വീകരിച്ചിരുന്നു. മനുഷ്യവകാശങ്ങളെ മുൻനിർത്തി കേസുകൾ പരിശോധിച്ചു. പൊലീസ് ചുമത്തിയ പൊതുസുരക്ഷാ നിയമപ്രകാരമുള്ള നിരവധി കേസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു.
കണ്ണൂർ അലവിൽ നൂൽക്കണ്ടിയിൽ പരേതനായ രാജാ ശ്രീധരന്റെ മകനാണ് ജസ്‌റ്റിസ് അതുൽ ശ്രീധരൻ. 2016 ലാണ് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയാകുന്നത്. 2023 ൽ ജസ്റ്റിസ് അതുൽ ശ്രീധരനെ ജമ്മു കശ്മീർ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. മകൾ മധ്യപ്രദേശിൽ പ്രാക്ടീസ് ആരംഭിച്ചതിനെ തുടർന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ തന്നെ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ സ്ഥലംമാറ്റം. മകൾ അഭിഭാഷക ആയിരിക്കെ തൽസ്ഥാനത്ത് ഇരിക്കുന്നത് ഒഴിവാക്കുകായായിരുന്നു അദ്ദേഹം.
2025 ൽ ജസ്റ്റിസ് അതുൽ ശ്രീധരൻ വീണ്ടും മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് തിരിച്ചെത്തി. തങ്ങളുടെ രാഷ്ട്രീയത്തിനും താത്പര്യങ്ങൾക്കും വഴങ്ങാതെ നീതിനിർവ്വഹണം നടത്തുന്നു എന്നത് ഇദ്ദേഹത്തെ കേന്ദ്ര സർക്കാരിന്റെ കണ്ണിലെ കരടാക്കി.
Related News
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള സമിതിയിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി ബിജെപി സർക്കാർ നിയമ നിർമ്മാണം നടത്തിയതിനെതിരെയുള്ള വിമർശനം നിലനിൽക്കയാണ്. കൈകടത്തൽ ജനാധിപത്യ സംവിധാനത്തെ കുറിച്ച് തന്നെ ആശങ്ക ഉയർത്തിയിരുന്നു. ചീഫ് ജസ്റ്റീസിനെ ഒഴിവാക്കിതിന് എതിരായ ഹർജി ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നവംബറിൽ ഈ കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചിരുന്നു.
ആശങ്കകൾ,
ജനാധിപത്യത്തിനെതിരായ വെല്ലുവിളികൾ
ഹൈക്കോടതി ജഡ്ജിമാരുടെ ട്രാൻസ്ഫറുകൾ സെൻസിറ്റീവ് ആണ്. ഇത്തരം ട്രാൻസ്ഫറുകൾ ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ബാധിക്കാം. പ്രത്യേകിച്ച് ജുഡീഷ്യൽ ഇതര കാരണങ്ങളാൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ. കേന്ദ്രത്തിന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി വരുത്തുന്ന പരിഷ്കരണം ജുഡീഷ്യറിയുടെ മേലുള്ള ബാഹ്യ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ബലപ്പെടുത്തുന്നു.
ഭാവിയിലെ സ്ഥലംമാറ്റങ്ങളെ ഇത് എങ്ങനെ ബാധിക്കുമെന്ന് ചർച്ചകൾ ഉയരുന്നു. ഭാവിയിലെ കൊളീജിയം നിർദ്ദേശങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം ഒരു യഥാർത്ഥ രണ്ടാം നോട്ടമായി മാറുമോ എന്ന ആശങ്കയുടെ സാഹചര്യമാണ്. ഇത്തരം ഇടപെടലുകളെ ചെറുക്കാൻ കൊളീജിയം അതിന്റെ ആന്തരിക മാനദണ്ഡങ്ങൾ കർശനമാക്കുമോ എന്നതും പ്രതീക്ഷയാണ്.
ജസ്റ്റീസ് അതുൽ ശ്രീധർ
1992-ൽ ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ ചേംബറിലാണ് ജസ്റ്റിസ് അതുൽ ശ്രീധറിന്റെ തുടക്കം. സുപ്രീം കോടതി, ഡൽഹി ഹൈക്കോടതി, വിചാരണ കോടതികൾ എന്നിവയ്ക്ക് മുമ്പാകെ സിവിൽ, ക്രിമിനൽ കാര്യങ്ങളിൽ 1997 വരെ പ്രാക്ടീസ്.
1997 മുതൽ 2000 വരെ ഡൽഹിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001-ൽ ഇൻഡോറിലേക്ക് മാറി. അവിടെ സ്വതന്ത്ര പ്രാക്ടീസ് തുടരുകയും മുതിർന്ന അഭിഭാഷകൻ സത്യേന്ദ്ര കുമാർ വ്യാസുമായി അടുത്ത് പ്രവർത്തിക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന് മുമ്പാകെ മധ്യപ്രദേശ് സംസ്ഥാനത്തിനുവേണ്ടി പാനൽ അഭിഭാഷകനായും സർക്കാർ അഭിഭാഷകനായും സേവനമനുഷ്ഠിച്ചു.
2016 ഏപ്രിൽ 7-ന് മധ്യപ്രദേശ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2018 മാർച്ച് 17-ന് സ്ഥിരം ജഡ്ജിയായി.
കേണൽ സോഫിയ ഖുറേഷി
മധ്യപ്രദേശ് ഹൈക്കോടതിയിൽ, ഓപ്പറേഷൻ സിന്ദൂരിനിടെ നിരവധി മാധ്യമ സമ്മേളനങ്ങൾ നടത്തിയ കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് കാബിനറ്റ് മന്ത്രി വിജയ് ഷാ അപകീർത്തികരമായ പരാമർശം നടത്തിയത് വിവാദമായിരുന്നു. കേണൽ ഖുറേഷിയെ ഉദ്ദേശിച്ചുള്ള ഒരു പരാമർശത്തിൽ ഷാ അവരെ "ഭീകരരുടെ സഹോദരി" എന്ന് വരെ വിശേഷിപ്പിച്ചു.

ഇതിനെതിരെ ജസ്റ്റിസ് ശ്രീധരനും ജസ്റ്റിസ് അനുരാധ ശുക്ലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസ് ആരംഭിക്കയായിരുന്നു. കേണലിനെതിരായ പരാമർശങ്ങൾ "അപകടകരമാണ്" എന്ന് കോടതി വിശേഷിപ്പിച്ചു.
" വിഭാഗീയ പരാമർശങ്ങൾ ഇപ്പോൾ ഈ രാജ്യത്തെ സായുധ സേനകളിലേക്ക് എത്താൻ തുടങ്ങിയിരിക്കുന്നതിനാൽ അവ അപകടകരമാണ്," എന്ന് ജസ്റ്റിസ് ശ്രീധരൻ പറഞ്ഞു, ഭാരതീയ ന്യായ് സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരം ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടു.









0 comments