തണുപ്പിൽ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിന് രാത്രി മുഴുവൻ കാവലായത് തെരുവ് നായ്ക്കൾ

കൊൽക്കത്ത: ആരുമില്ലാതെ ഒരു തുണിയിൽ പൊതിഞ്ഞ് ആ ചോരക്കുഞ്ഞ് റെയിൽവേ കോളനിയിലെ പൊതു ശുചിമുറിയുടെ തൊട്ടടുത്ത് കിടന്നു. തണുപ്പുള്ള ആ രാത്രിയിൽ അപകടത്തിന്റെ നടുവിൽ. എന്നാൽ അടുത്ത പകൽ വരെ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. രാവും പകലും ആ നാട്ടിലെ മനുഷ്യർക്കിടയിലേക്ക് ഓടിയെത്തി ഭയപ്പെടുത്താറുള്ള തെരുവ് നായ്ക്കൾ ആ പിഞ്ചുകുഞ്ഞിന് തുണയാകുമെന്ന് ഒരാൾ പോലും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.എന്നാല്‍ അതാണ് സംഭവിച്ചത്. ബംഗാളിലെ നാദിയ ജില്ലയിലാണ് നാട്ടുകാരിലാകെ കൗതുകമുളവാക്കിയ സംഭവം ഉണ്ടായത്
തുണിയിൽ പൊതിഞ്ഞ് ആരോ ഉപേക്ഷിച്ച നവജാത ശിശുവിനെ, മൂന്നോ നാലോ മണിക്കൂർ മാത്രം പിന്നിട്ട ആ കുഞ്ഞിനെ സംരക്ഷിക്കുന്നതിനായി തെരുവ് നായക്കൂട്ടങ്ങൾ ഒരു കവചമായി. അവർ കുഞ്ഞിന് ചുറ്റിലും നിന്നു. ഒന്ന് കുരക്കുക പോലും ചെയ്യാതെ. രാത്രി മുതൽ പുലർച്ചെ സൂര്യനുദിക്കുന്നത് വരെ ഒരു തരത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാതെ നായ്ക്കൾ കുഞ്ഞിനെ സുരക്ഷിമായി കാത്തുവെച്ചു
രാവിലെ അടുത്തുള്ള വീട്ടുകാർ കാണുന്ന അതിമനോഹരമായ കാഴ്ചയായിരുന്നു അത്. കുഞ്ഞിനെ സുരക്ഷിമായി നായ്ക്കൾ പരിപാലിക്കുന്നു. പ്രദേശത്ത് തന്നെയുള്ള ആരേങ്കിലും ഉപേക്ഷിച്ചതാകാം കുഞ്ഞിനെ എന്ന് സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
കുഞ്ഞിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രശ്നങ്ങളില്ലെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.








0 comments