ad
Deshabhimani

print edition ഹൈക്കോടതിയിൽ 
താൽക്കാലിക ജഡ്‌ജി നിയമനം ; അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം

Supreme Court.jpg
വെബ് ഡെസ്ക്

Published on Feb 05, 2026, 02:10 AM | 1 min read


ന്യൂഡൽഹി

പുതിയ സ്ഥിരം ജഡ്‌ജിമാരെ നിയമിക്കുന്നതിനുപകരം അസാധാരണ നടപടിയുമായി സുപ്രീംകോടതി. അലഹബാദ്‌ ഹൈക്കോടതിയിൽ വിരമിച്ച അഞ്ച്‌ ജഡ്‌ജിമാരെ താൽക്കാലിക ജഡ്‌ജിമാരായി സുപ്രീംകോടതി കൊളീജിയം നിയമിച്ചു. ഭരണഘടനയിലെ അനുഛേദം 224 എ പ്രകാരമാണ്‌ നിയമനം. മുഹമ്മദ്‌ ഫൈസ്‌ അലം ഖാൻ, മുഹമ്മദ്‌ അസ്ലം, സയ്‌ദ്‌ അഫ്‌തബ്‌ ഹുസൈൻ റിസ്‌വി, രേണു അഗർവാൾ‍, ജ്യോത്സന ശർമ എന്നിവരെ രണ്ടുവർഷത്തേക്കാണ്‌ അഡ്‌ഹോക്‌ ജഡ്‌ജിമാരായി നിയമിച്ചത്‌.


ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ നികത്താനുള്ള നടപടികൾ സ്വീകരിക്കുന്നതിന്‌ പകരം താൽക്കാലിക ജഡ്‌ജിമാരെ നിയമിക്കാൻ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ അംഗമായ കൊളീജിയമാണ്‌ തീരുമാനിച്ചത്‌. സ്ഥിരം നിയമനത്തിനുള്ള നടപടികൾക്കുശേഷവും ഒഴിവുണ്ടെങ്കിൽ മാത്രമേ താൽക്കാലിക ജഡ്‌ജി നിയമനമാകാവൂയെന്ന്‌ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌കൂടി അംഗമായ ബെഞ്ച്‌ 2021ൽ വ്യക്തമാക്കിയിരുന്നു. ഇതിനുവിപരീതമാണ്‌ അദ്ദേഹം ഉൾപ്പെട്ട കൊളീജിയത്തിന്റെ നടപടി.


നിരവധി കേസുകൾ കെട്ടിക്കിടന്നിട്ടും ജഡ്‌ജി നിയമനങ്ങളോ താൽക്കാലിക നിയമനങ്ങളോ നടത്തുന്നില്ലെന്ന വാർത്തകളെ തുടർന്നാണ്‌ ചീഫ്‌ജസ്റ്റിസ്‌ ഇതുസംബന്ധിച്ച നിർദേശം ഹൈക്കോടതിക്ക്‌ നൽകിയതെന്നാണ്‌ റിപ്പോർട്ടുകൾ. തുടർന്നാണ്‌ അലഹബാദുൾപ്പെടെയുള്ള ഹൈക്കോടതികളിൽനിന്ന്‌ താൽക്കാലിക നിയമത്തിനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയത്തിന്‌ ലഭിച്ചത്‌. 160 ജഡ്‌ജിമാർ വേണ്ട അലഹബാദ്‌ ഹൈക്കോടതിയിൽ 110 പേരാണ്‌ ഉള്ളത്‌.


അനുച്ഛേദം 224എ പ്രകാരം രാഷ്‌ട്രപതിയുടെ മുൻകൂർ അനുമതിയോടെ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ വിരമിച്ചവരോട്‌ താൽക്കാലിക ജഡ്‌ജിയായി പ്രവർത്തിക്കാൻ അഭ്യർഥിക്കാം. കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ഇത്തരം നിയമനമാകാമെന്ന്‌ 2021ൽ സുപ്രീംകോടതി തീരുമാനിച്ചിരുന്നു. താൽക്കാലിക ജഡ്‌ജിമാരെ സിംഗിൾ ബെഞ്ചിന്റെ ഭാഗമാക്കുകയെന്നതായിരുന്നു കീഴ്‌വഴക്കം. എന്നാൽ, ഡിവിഷൻ ബെഞ്ചിലും ഇവരെ ഉൾപ്പെടുത്താമെന്ന്‌ ഡിസംബറിൽ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു. ഇതിനുമുൻപ്‌ മൂന്നുതവണ വിരമിച്ചവർക്ക്‌ താൽക്കാലിക ജഡ്‌ജിമാരുടെ ചുമതല നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home