സിവിൽ ജഡ്‌ജിയാകാൻ ഒരുവർഷത്തെ അഭിഭാഷക പരിചയം മതി; ഏപ്രിൽ ഒന്നുമുതൽ ബാധകം

സ്വന്തം ലേഖകൻ
Published on Aug 23, 2026, 01:31 AM | 1 min read
ന്യൂഡൽഹി: സിവിൽ ജഡ്‌ജി (ജൂനിയർ ഡിവിഷൻ) പരീക്ഷയ്‌ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് മൂന്നുവർഷം അഭിഭാഷകരായി പ്രവർത്തിക്കണമെന്ന വിധിയിൽ ഭേദഗതി വരുത്തി സുപ്രീംകോടതി. ഇനി ഒരു വർഷം അഭിഭാഷക പരിചയമുള്ളവർക്കും സിവിൽ ജഡ്‌ജി പരീക്ഷയ്‌ക്ക് അപേക്ഷിക്കാം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ അഗസ്റ്റിൻ ജോർജ് മാസിഹ്, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഭൂരിപക്ഷ വിധിയോട് വി്യോജിച്ചു.
സംസ്ഥാന ജുഡീഷ്യൽ അക്കാദമിയിൽ ഒരു വർഷത്തെ തീവ്രപരിശീലനവും ജില്ലാ ജഡ്‌ജി/ഹയർ ജുഡീഷ്യൽ സർവീസിന് കീഴിൽ ആറുമാസത്തെ ക്ലാർക്ക്ഷിപ്പും സിറ്റിങ് ഹൈക്കോടതി ജഡ്‌ജിയുടെ കീഴിൽ ആറുമാസത്തെ ക്ലർക്ക്ഷിപ്പും പൂർത്തിയാക്കിയവർക്കാണ് സിവിൽ ജഡ്‌ജിയാകാൻ അവസരം.
ഹൈക്കോടതി ജഡ്‌ജി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥിരം നിയമനം. ഹൈക്കോടതികൾ മൂന്നുമാസത്തിനുള്ളിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും പുതുക്കിയ വിധിയിൽ പറഞ്ഞു. അഭിഭാഷകവൃത്തി പരിചയം നിർബന്ധമാക്കിയത് പുനഃപരിശോധിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. 2027 ഏപ്രിൽ ഒന്നുമുതൽ വിധി പ്രാബല്യത്തിലാകും.
കീഴ്‌ക്കോടതിയിൽ ജുഡീഷ്യൽ പരിചയമില്ലാത്തവർ നിയമിക്കപ്പെടുന്നത് നീതിനിർവഹണത്തിൽ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളും ഹൈക്കോടതികളും സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് മൂന്നുവർഷമെന്ന വ്യവസ്ഥ കഴിഞ്ഞ വർഷം പുനഃസ്ഥാപിച്ചത്. എന്നാൽ വിധി നടപ്പാക്കുന്നത് പിന്നോക്ക വിഭാഗങ്ങളെയും സ്‌ത്രീകളെയും ബാധിക്കുമെന്നും മൂന്നുവർഷത്തെ പ്രാക്ടീസ് നിർബന്ധമാക്കുന്നത് ന്യായീകരിക്കാൻ മതിയായ ഡാറ്റയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജികൾ നൽകിയത്.










0 comments