'പ്രസവിക്കാൻ സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്കാവില്ല'; 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: മുപ്പത് ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ പതിനാലുകാരിയായ പെൺകുട്ടിക്ക് സുപ്രീം കോടതി അനുമതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
പ്രസവിക്കാൻ ഒരു സ്ത്രീയെ നിർബന്ധിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായതിനെത്തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞതിനാൽ അനുമതി തേടി പെൺകുട്ടിയുടെ രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.
ഗർഭം തുടരുന്നത് പെൺകുട്ടിയുടെ ജീവന് ഭീഷണിയാണെന്നും മാനസിക ആഘാതം വർദ്ധിപ്പിക്കുമെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു. ഭ്രൂണത്തിന് വൈകല്യങ്ങളില്ലെങ്കിലും പെൺകുട്ടിയുടെ പ്രായവും സാഹചര്യവും പരിഗണിക്കുമ്പോൾ ഗർഭം തുടരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിലോ സർക്കാർ ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താം. കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണമെന്നും മതിയായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. അസാധാരണ സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രത്തിനുള്ള 24 ആഴ്ചയെന്ന നിയമപരിധി മറികടന്ന് കോടതികൾ അനുമതി നൽകാറുണ്ട്.










0 comments