സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കാനുള്ള നിർദ്ദേശം പ്രവർത്തികമാക്കിയില്ല, കേസ് എടുത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പോലീസ് സ്‌റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം നടപ്പാക്കാതെ തുടരുന്ന സംസ്ഥാനങ്ങൾക്ക് എതിരെ സുപ്രീം കോടതി. കേരളം പോലെ അപൂർവ്വ സംസ്ഥാനങ്ങളിലാണ് സിസിടിവി സംവിധാനം പൂർണ്ണമായും ഏർപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നിർദ്ദേശം നടപ്പാക്കാത്തതും സിസിടിവി സംവിധാനങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടുകളിൽ ഇടപെട്ട് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.
ദൈനിക് ഭാസ്‌കർ പത്രത്തിലെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേസ് എടുത്തത്.
2025-ല്‍ മാത്രം കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പോലീസ് കസ്റ്റഡിയിൽ 11 മരണങ്ങൾ സംഭവിച്ചതായി ദൈനിക് ഭാസ്‌കർ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ഇടത്തെയും കണക്കുകളും വ്യക്തമാക്കി. ഇതിന് തുടർച്ചയായാണ് കോടതിയുടെ ഇടപെടൽ 'പോലീസ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായ സിസിടിവികളുടെ അഭാവം' എന്ന പേരിൽ പൊതുതാല്‍പ്പര്യ ഹര്‍ജി സ്വമേധയാ പരിഗണിക്കാൻ നിര്‍ദ്ദേശിക്കുന്നു എന്ന് കോടതി ഉത്തരവില്‍ പറഞ്ഞു.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ സ്ഥാപിക്കുന്നത് ബാധ്യതപ്പെടുത്തി 2020 ൽ സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും രാത്രി കാഴ്ച ക്യാമറകളുള്ള സിസിടിവി സ്ഥാപിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. സിബിഐ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
എന്നാല്‍ ഈ ഉത്തരവ് പല സംസ്ഥാനങ്ങളിലും നടപ്പായിട്ടില്ലെന്ന് പത്ര റിപ്പോർട് ചൂണ്ടികാണിക്കുന്നു.
സുപ്രീം കോടതി നേരത്തെ നൽകിയ ഉത്തരവ്
എല്ലാ പോലീസ് സ്റ്റേഷനുകളിലും, എല്ലാ എൻട്രി, എക്സിറ്റ് പോയിന്റുകളിലും, മെയിൻ ഗേറ്റിലും, ലോക്കപ്പുകളിലും, ഇടനാഴികളിലും, ലോബിയിലും, സ്വീകരണ മുറികൾക്കും പുറത്തുള്ള സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. അങ്ങനെ ഒരു ഭാഗവും മറച്ചുവെക്കപ്പെടാതിരിക്കണം. എന്നായിരുന്നു കോടതി നേരത്തെ ഉത്തരവ് നൽകിയിരുന്നത്.
സിസിടിവി സംവിധാനങ്ങളിൽ രാത്രി കാഴ്ചയും ഓഡിയോ, വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരിക്കണമെന്നും പറഞ്ഞു. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങൾ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ഡാറ്റ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം ഡാറ്റാ ശേഷി അനുവദിക്കുന്ന സംവിധാനങ്ങൾ വാങ്ങേണ്ടത് നിർബന്ധമാണെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.









0 comments