മദ്യപാനശീലം മറച്ചുവച്ചാൽ ഇൻഷുറൻസ് തുകയ്‌ക്ക് അർഹതയില്ല

ന്യൂഡൽഹി: ആരോഗ്യ ഇൻഷൂറൻസ് എടുക്കുമ്പോൾ മദ്യപാനശീലം മറച്ചുവെച്ചാൽ അതുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് പരിരക്ഷയ്‌ക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി. ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ഉത്തരവ്.
2013-ൽ എൽഐസിയുടെ "ജീവൻ ആരോഗ്യ'പോളിസി എടുത്ത ഹരിയാന സ്വദേശി മഹിപാൽ 2014ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടശേഷമായിരുന്നു മരണം. ഗുരുതര മദ്യപാന ശീലം പോളിസിയെടുക്കുമ്പോൾ മറച്ചുവച്ചെന്നുകാട്ടി ചികിത്സയ്‌ക്ക് ചെലവായ തുക നൽകാൻ എൽഐസി വിസമ്മതിച്ചു. എന്നാൽ മഹിപാലിന്റെ ഭാര്യ ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കോടതിയിൽനിന്ന് അനുകൂലവിധി നേടി. ചികിത്സയ്‌ക്ക് ചെലവായ 5.21 ലക്ഷം രൂപയും 20,000രൂപ നഷ്‌ടപരിഹാരവും കോടതിചെലവ് ഇനത്തിൽ 5,500രൂപയും നൽകാനായിരുന്നു ഉത്തരവ്. ഇത് ചോദ്യംചെയ്‌തുള്ള എൽഐസിയുടെ അപ്പീൽ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.










0 comments