"നാഗ്പൂരിലെ അധോലോകം വലിയ പിന്തുണ നൽകി" വിവാദ പരാമര്‍ശം തിരുത്തി നിതിൻ ഗഡ്കരി

നാഗ്പൂര്‍: നാഗ്പൂരിലെ അധോലോകത്തിലെയും സാമൂഹിക രംഗങ്ങളിലെയും 99 ശതമാനം ആളുകളും തന്റെ പിന്തുണക്കാരാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ താമസിക്കുന്ന പ്രദേശങ്ങളിൽ തനിക്ക് 70 ശതമാനം മുതൽ 75 ശതമാനം വരെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്നാൽ ക്രിമിനൽ അധോലോക മേഖലകളിലും റെഡ് ലൈറ്റ് ഏരിയകളിലും തനിക്ക് 92 ശതമാനം വോട്ട് ലഭിച്ചു എന്നായിരുന്നു വാക്കുകൾ.
വാക്കുകൾ രണ്ടു തലങ്ങളിൽ വിവാദമായതോടെ പിന്നീട് തിരുത്തി. ക്രിമിനൽ പ്രവര്‍ത്തനങ്ങള പ്രോത്സാഹിപ്പിക്കയല്ല. വികസന പ്രവര്‍ത്തനങ്ങളിലൂടെയാണ് പിന്തുണ ഉറപ്പാക്കിയത് എന്ന് വിശദീകരിച്ചു. വോട്ടര്‍മാര്‍ ജാതി,മതം,ഭാഷ എന്നിവയക്ക് അതീതമായി വിദ്വേഷ പ്രചാരണങ്ങളെ മറികടന്ന് വോട്ട് രേഖപ്പെടുത്തണം എന്നാവശ്യപ്പെട്ടു.
നാഗ്പൂർ ഐഐഎമ്മിൽ സംഘടിപ്പിച്ച മീഡിയ കോണ്‍ക്ലേവ് 2026 ൽ സംസാരിക്കയായിരുന്നു നിതിൻ ഗഡ്കരി. തന്റെ രാഷ്ട്രീയ തെരഞ്ഞെടുപ്പ് അനുഭവങ്ങളെ കുറിച്ചായിരുന്നു പ്രസംഗം.
രാജ്യത്തെ വിദ്യാസമ്പന്നരുടെ വോട്ടിങ് രീതിയെയും മനോഭാവത്തെയും ഗഡ്കരി പരാമര്‍ശിച്ചു. ഇവര്‍ രാഷ്ട്രീയ കാര്യങ്ങളിൽ വലിയ അഭിപ്രായങ്ങൾ പറയുകയും പാണ്ഡിത്യം പ്രകടിപ്പിക്കയും ചെയ്യും. എന്നാൽ ഏറ്റവും വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വോട്ട് ചെയ്യാൻ ബൂത്തുകളിൽ എത്താറില്ല. വോട്ട് രേഖപ്പെടുത്താൻ മടിക്കുന്ന ജനം ജനാധിപത്യത്തിന്റെ പ്രതിസന്ധിയാണ്.
ബിജെപി അധ്യക്ഷനായിരുന്ന കാലത്ത് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് വിവിധ ജാതികൾക്കും മതങ്ങൾക്കും പ്രത്യേക സെല്ലുകൾ രൂപീകരിച്ച് പരീക്ഷണം നടത്തിയ അനുഭവമുണ്ട്. പക്ഷേ അത് വലിയ പരാജയമായിരുന്നു. തത്വങ്ങളിൽ അധിഷ്ഠിതമായ വികസന രാഷ്ട്രീയമാണ് തന്നെ വ്യക്തിപരമായി തുണച്ചതെന്നും ഗഡ്കരി തുറന്നു പറഞ്ഞു.
രാഷ്ട്രീയത്തിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ആശയപരമായ വ്യത്യാസങ്ങളെക്കാൾ അപകടകരമായത് ആശയ ശൂന്യതയാണ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ ബി ബര്‍ദനുമായുള്ള കൂടികാഴ്ചയ്ക്കിടെ ഉണ്ടായ വാക്കുകൾ തന്നെ സ്വാധീനിച്ചിരുന്നതായും പറഞ്ഞു.









0 comments